'എനിക്ക് നിറം നഷ്ടപ്പെടുന്നു...', വീണ്ടും രോഗത്തിന്റെ പിടിയില്‍; ശാരീരികാവസ്ഥ വെളിപ്പെടുത്തി മംമ്ത

ജീവിതത്തില്‍ ഉണ്ടായ വെല്ലുവിളികളെ സധൈര്യം നേരിട്ട താരമാണ് മംമ്ത മോഹന്‍ദാസ്. രണ്ട് തവണയാണ് താരം കാന്‍സറിനെ അതിജീവിച്ചത്. ചികിത്സയ്ക്ക് ശേഷം മംമ്ത സിനിമയില്‍ സജീവമാണ്. എന്നാല്‍ താന്‍ വീണ്ടും മറ്റൊരു രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മംമ്ത ഇപ്പോള്‍.

വിറ്റിലിഗോ (വെള്ളപ്പാണ്ട്) എന്ന ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്. തൊലിപ്പുറത്തെ നിറം നഷ്ടമാവുന്ന അവസ്ഥയാണിത്. ഇന്‍സ്റ്റഗ്രാമില്‍ ഇത് വ്യക്തമാക്കിക്കൊണ്ട് ഒരു ഫോട്ടോയും മംമ്ത പങ്കുവെച്ചിട്ടുണ്ട്.

”പ്രിയേ, നിന്നെ ഞാന്‍ മുമ്പെങ്ങുമില്ലാത്ത വിധം ചേര്‍ത്തു പിടിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു, അങ്ങനെ അത് മനസിലാക്കി..” എന്ന ക്യാപ്ഷനോടെയാണ് മംമ്ത ചിത്രം പങ്കുവച്ചിരിക്കുന്നത്. വിറ്റിലിഗോ, ഓട്ടോഇമ്മ്യൂണ്‍ഡിസീസ് തുടങ്ങിയ ഹാഷ്ടാഗുകളും മംമ്തയുടെ പോസ്റ്റിനൊപ്പമുണ്ട്.

ഇതൊരു രോഗാവസ്ഥ അല്ലെന്നും സ്‌കിന്‍ കണ്ടീഷന്‍ ആണെന്നും ധൈര്യമായിരിക്കൂ എന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ച മംമ്തയ്ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെയും തരണം ചെയ്യാനാവട്ടെ എന്നും ആരാധകര്‍ ആശംസിക്കുന്നത്.

Read more

അമേരിക്കയില്‍ വച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് മംമ്ത കാന്‍സറിനെ അതിജീവിച്ചത്. അതേസമയം, ‘ജനഗണമന’ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘അണ്‍ലോക്’, ‘ഊമൈ വിഴികള്‍’, ‘മഹേഷും മാരുതിയും’, ‘രുദ്രാംഗി’, ‘ഒറ്റ’ എന്നീ സിനിമകളാണ് നടിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.