മനോരോഗം എന്നു പറഞ്ഞ് നിസാരവത്കരിക്കാന്‍, പ്രവീണയുടെ കാര്യം വേദനാജനകമാണ്: മാല പാര്‍വതി

നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് മാല പാര്‍വതി. വളരെ ഗൗരവമായി തന്നെ വിഷയം പൊലീസും സര്‍ക്കാരും എടുക്കണമെന്ന് മാല പാര്‍വതി പറഞ്ഞു. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് വഴി എന്ത് മനഃസമാധാനമാണ് അയാള്‍ക്ക് കിട്ടുന്നതെന്ന് എന്നാണ് മാല പാര്‍വതി ചോദിക്കുന്നത്.

മനോരോഗം എന്നു പറഞ്ഞ് ഈ സംഭവത്തെ നിസാരവല്‍ക്കരിക്കാന്‍ പറ്റില്ല. മനോരോഗമാണെങ്കില്‍ ചികിത്സ കൊടുക്കണം. ഇത് ഗൗരവതരമായ വിഷയമാണ്. ഒരു മനുഷ്യന് കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്. ജോലിക്ക് പോവുന്ന ആളാണ്. ഒന്നും ചെയ്യാന്‍ ധൈര്യമില്ലാതെയാവും.

നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട ഗവണ്മെന്റ് ഈ പ്രശ്‌നം ഗൗരവമായി തന്നെ കാണണം. ഒരാളുടെ മാത്രം പ്രശ്‌നമല്ല ഇത്. പ്രവീണ ഇങ്ങനെ അനുഭവിക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. പ്രവീണ ഏത് സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.

അത്രയ്ക്കും വേദനാജനകമായ കാര്യമാണ്. പ്രത്യേകിച്ച് മകളിലേക്കൊക്കെ ഇത് എത്തുന്നു എന്ന് പറയുമ്പോള്‍ നമുക്ക് എല്ലാ തരത്തിലുമുള്ള സ്വസ്ഥതയും നഷ്ടപ്പെടുമല്ലോ. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മാത്രം ഒരു വകുപ്പ് തന്നെ ഉണ്ടാക്കണം എന്നാണ് മാല പാര്‍വതി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.

തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് മാല പാര്‍വതി തുറന്നു പറഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പ് പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിടിയിലായ പ്രതിയാണ് വീണ്ടും ആക്രമണം തുടരുന്നത്. വീണ്ടും ഇയാള്‍ക്കെതിരെ പ്രവീണ പരാതി നല്‍കുകയായിരുന്നു.