വിവാദങ്ങള്‍ നേരിടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യുന്നവരുടെ കൂടെ സാധാരണ ആളുകള്‍ നില്‍ക്കാറില്ല : ബാബുരാജിന് നന്ദി പറഞ്ഞ് മാലാ പാര്‍വതി

അമ്മ എക്സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജിന് നന്ദി പറഞ്ഞ് നടി മാല പാര്‍വതി. അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജുവിന്റെ വിവാദ പ്രസ്താവനയെ തള്ളിയും മാല പാര്‍വതിയുടെ രാജിയെ പിന്തുണച്ചും രംഗത്തെത്തിയ ബാബുരാജിന് നന്ദി പറയുകയായിരുന്നു നടി.

‘ഇത് അപൂര്‍വവും അസാധാരണവുമാണ്. വിവാദങ്ങള്‍ നേരിടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യുന്നവരുടെ കൂടെ സാധാരണ ആളുകള്‍ ആരും നില്‍ക്കാറില്ല. നന്ദി ബാബുരാജ്.’-മാല പാര്‍വതി കുറിച്ചു. അമ്മയിലെ വനിതകള്‍ പാവകളല്ലെന്ന ബാബുരാജ് നടത്തിയ പ്രസ്താവനയുടെ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം.

വിജയ് ബാബുവിനോടുള്ള അമ്മയുടെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി കഴിഞ്ഞ ദിവസം രാജി വച്ചത്. എന്നാല്‍ സംഘടനയിലെ ഒരു അംഗത്തെ സംരക്ഷിക്കേണ്ട ചുമതല അതിലെ അംഗങ്ങള്‍ക്കുണ്ടെന്നും സ്ത്രീകള്‍ക്ക് അവരുടെ സംഘടനയില്ലേ എന്നുമായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം.

മാല പാര്‍വതി രാജി വച്ചു എന്ന കാരണം കൊണ്ട് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെക്കില്ലെന്നും അവര്‍ക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ എന്നും മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. തുടര്‍ന്ന് മണിയന്‍പിള്ള രാജുവിനെ തിരുത്തി ബാബുരാജ് രംഗത്തെത്തി. അമ്മയിലെ സ്ത്രീകള്‍ പാവകളല്ലെന്ന് ബാബുരാജ് പറഞ്ഞു.