കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ‘മഹാനടി’. എന്നാല്‍ മഹാനടിയുടെ വിജയത്തിന് ശേഷം തനിക്ക് സിനിമയൊന്നും ലഭിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീര്‍ത്തി ഇപ്പോള്‍. ആറ് മാസത്തോളം മറ്റൊരു പ്രോജക്ടും ലഭിച്ചില്ല. എന്നാല്‍ താന്‍ അതിനെ പൊസിറ്റീവ് ആയി എടുത്ത് മേക്കോവറിനായി ഉപയോഗിച്ചുവെന്നും കീര്‍ത്തി പറഞ്ഞു.
”മഹാനടിയുടെ റിലീസിന് ശേഷം എനിക്ക് ആറ് മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല. ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ എനിക്ക് നിരാശയൊന്നും ഇല്ലായിരുന്നു. ആളുകള്‍ എനിക്ക് വേണ്ടി ഒരു മികച്ച കഥാപാത്രം രൂപപ്പെടുത്താന്‍ സമയമെടുക്കുന്നു എന്ന് കരുതി ഞാന്‍ അതിനെ പോസിറ്റീവായി എടുത്തു.”
”ആ ഗ്യാപ് ഞാനൊരു മേക്കോവറിനായി ഉപയോഗിച്ചു” എന്നാണ് കീര്‍ത്തി സുരേഷിന്റെ വാക്കുകള്‍. നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തിയ മഹാനടി കീര്‍ത്തിയുടെ കരിയറില്‍ വലിയ ബ്രേക്ക് ആണ് നല്‍കിയത്. നടി സാവിത്രിയുടെ ബയോപിക് ആണ് ചിത്രം. സിനിമയില്‍ ജെമിനി ഗണേശന്‍ ആയി വേഷമിട്ടത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്.
Read more
സാമന്ത, വിജയ് ദേവരകൊണ്ട എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍. തെലുങ്കില്‍ നടിക്ക് വലിയ ആരാധകരെ നേടിക്കൊടുത്തതും ഈ ചിത്രം തന്നെയാണ്. അതേസമയം, റിവോള്‍വര്‍ റിത ആണ് ഇനി പുറത്തിറങ്ങാനുള്ള കീര്‍ത്തി ചിത്രം. നവംബര്‍ 28ന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌മെന്റ് സിനിമയാണ്.







