അയാളില്‍ നിന്നൊരു കുഞ്ഞിനെ വേണമെന്ന് തോന്നി, അണ്ഡം ശീതികരിച്ചു വച്ചിട്ടുണ്ട്.. ആവശ്യക്കാര്‍ക്ക് നല്‍കാനും തയ്യാറാണ്: കനി കുസൃതി

ഒരു കുഞ്ഞ് വേണമെന്ന് തോന്നിയാല്‍ ഉപയോഗിക്കാനായി തന്റെ അണ്ഡം ശീതികരിച്ചു വച്ചിട്ടുണ്ടെന്ന് നടി കനി കുസൃതി. മാനസികമായും സാമ്പത്തികമായും തയ്യാറാണെങ്കില്‍ ഒരു കുഞ്ഞിനെ വളര്‍ത്താമെന്ന് ഭാവിയില്‍ തനിക്ക് തോന്നിയേക്കാം. അല്ലെങ്കില്‍ മറ്റാര്‍ക്ക് എങ്കിലും ആ അണ്ഡം നല്‍കാമെന്നാണ് കനി പറയുന്നത്.

28-ാം വയസില്‍ നാടകത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഒരാളെ കണ്ടു. എനിക്കയാളുടെ ഒരു കുഞ്ഞിനെ വേണമെന്ന് തോന്നി. എന്നാല്‍ അയാള്‍ക്ക് ഒരു ഉമ്മ കൊടുക്കണം എന്നുപോലും എനിക്ക് തോന്നിയിരുന്നില്ല. ഇപ്പോള്‍ എനിക്ക് 38 വയസ്സായി. സ്വന്തമായി ഒരു കുഞ്ഞ് വേണമെങ്കില്‍ അത് ഇപ്പോഴൊക്കെ അല്ലേ പറ്റൂ.

അതുകൊണ്ട് കുറച്ച് കാശ് സേവ് ചെയ്ത് അണ്ഡം ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്. ഇനി സ്വന്തമായി ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍ ആവശ്യക്കാര്‍ക്ക് കൊടുക്കാമല്ലോ. മാനസികമായും സാമ്പത്തികമായും തയ്യാറാണെങ്കില്‍ ഒരു കുഞ്ഞിനെ വളര്‍ത്താമെന്ന് ഭാവിയില്‍ എനിക്ക് തോന്നാം.

അതുപോലെ കുട്ടിക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ തയ്യാറാണെങ്കില്‍ ഒരു കുട്ടിയെ ദത്തെടുക്കാം എന്നുപോലും തോന്നിയേക്കാം. പണ്ടേ എനിക്ക് കുട്ടികള്‍ വേണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. പ്രേമിക്കാം, പക്ഷേ ഒരുമിച്ച് ജീവിക്കാനോ കുട്ടികളുണ്ടാക്കാനോ പ്ലാന്‍ ഇല്ലെന്ന് പറയുമായിരുന്നു.

മുന്‍ പങ്കാളിയോടൊപ്പമല്ലാതെ വേറെ ആരുടെയൊപ്പവും കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമെന്ന് തോന്നിയിട്ടില്ല. സിംഗിള്‍ മദര്‍ ആകാനാണ് താല്‍പര്യം. മാതാപിതാക്കളായ മൈത്രേയനും ജയശ്രീയും വഴക്കിടാതെ നല്ല രീതിയിലാണ് തന്നെ വളര്‍ത്തിയത്. അതുപോലെ കുഞ്ഞിനെ വളര്‍ത്താനാണ് താല്‍പര്യം എന്നാണ് കനി കുസൃതി വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.