പ്രകാശ് രാജിന് വധഭീഷണി; യൂട്യൂബ് ചാനലിനെതിരെ കേസ്

നടന്‍ പ്രകാശ് രാജിന് വധഭീഷണി. പ്രകാശ് രാജിന്റെ പരാതിയില്‍ കന്നഡ യൂട്യൂബ് ചാനലായ ടി.വി വിക്രമയുടെ പരില്‍ പൊലീസ് കേസ് എുത്തു. ബെംഗളൂരു അശോക്നഗര്‍ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മത്തെ എതിര്‍ത്ത് നടത്തിയ പരാമര്‍ശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി ടി.വി. വിക്രമയില്‍ വന്ന പരിപാടിയാണ് കേസിന് ഇടയാക്കിയത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്ന് പ്രകാശ് രാജ് പറഞ്ഞു. ചാനല്‍ ഉടമയുടെ പേരില്‍ ഉടന്‍ നടപടിയെടുക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

പരാതിക്കിടയാക്കിയ പരിപാടിക്ക് 90,000 ഓളം വ്യൂസ് ലഭിച്ചിരുന്നു. ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ. സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണ്, മലേറിയയും ഡങ്കിയും പോലെ അതിനെ തുടച്ചു നീക്കണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.

‘ഹിന്ദുക്കള്‍ ‘തനാതനിയരല്ല, ‘തനാതനിയര്‍’ മനുഷ്യവിരുദ്ധരാണ്” എന്ന കുറിപ്പോടെയുള്ള ചിത്രം പങ്കുവച്ചായിരുന്നു പ്രകാശ് രാജ് പ്രതികരിച്ചത്. പെരിയാര്‍ ഇ.വി രാമസാമിയുടെയും ഡോ. ബി.ആര്‍ അംബേദ്കറുടെയും ചിത്രമായിരുന്നു പ്രകാശ് രാജ് പങ്കുവച്ചിരുന്നത്.