അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു..; മറുപടിയുമായി ജൂഡ് ആന്തണി

സംവിധായകന്‍ അനീഷ് ഉപാസനയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജൂഡ് ആന്തണി. വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന ‘2018’ എന്ന സിനിമയ്ക്ക് വേണ്ടി താന്‍ സംവിധാനം ചെയ്ത ‘ജാനകി ജാനേ’യുടേത് അടക്കമുള്ള സിനിമകളുടെ പ്രദര്‍ശന സമയം തിയേറ്ററുകാര്‍ മാറ്റുന്നു എന്നാണ് അനീഷ് ആരോപിച്ചത്.

സംവിധായകന്‍ ജൂഡ് ആന്തണിയെയും നിര്‍മ്മാതാക്കളെയും തിയേറ്ററുകാരെയും സംബോധന ചെയ്തു കൊണ്ടായിരുന്നു അനീഷിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. മികച്ച അഭിപ്രായം നേടിയിട്ടും ചിത്രത്തിന് ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ ലഭിക്കുന്നില്ലെന്നും സിനിമയുടെ വിജയത്തിന് അത് അത്യാവശ്യമാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

അനീഷ് ഉപാസനയുടെ കത്ത് വായിച്ചു എന്ന കുറിപ്പാണ് ജൂഡ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ തിയേറ്ററുകളില്‍ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്. അതിനുള്ള അവകാശവും അവര്‍ക്കുണ്ട്, മലയാള സിനിമ വിജയിക്കട്ടെ എന്നാണ് ജൂഡ് പറയുന്നത്.

”എല്ലാ സിനിമകളും തിയേറ്ററില്‍ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു. അനുരാഗവും, ജാനകി ജാനെയും നെയ്മറും ഉഗ്രന്‍ സിനിമകളാണ്. എല്ലാവരും അധ്വാനിക്കുന്നവരാണ്.”

”തിയേറ്ററുകളില്‍ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്. അതിനുള്ള അവകാശവും അവര്‍ക്കുണ്ട്. ജനങ്ങള്‍ വരട്ടെ, സിനിമകള്‍ കാണട്ടെ, മലയാള സിനിമ വിജയിക്കട്ടെ. നമ്മള്‍ ഒന്നല്ലേ? ഒന്നിച്ചു സന്തോഷിക്കാം. സ്‌നേഹം മാത്രം” എന്നാണ് ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.