ഇന്ന് ഒരുത്തന്‍ ഷോട്ട്ഫിലിമുമായി  വന്നു, പൊളി സാനം, ജോസേട്ടന്റെ മോനാടാ ; 15 വര്‍ഷം മുമ്പ് ജയസൂര്യ പറഞ്ഞതിനെ കുറിച്ച് ജിസ് ജോയി

മലയാളത്തിലെ സമകാലിക സംവിധായകരില്‍ നിന്ന് വേറിട്ട ഒരു പാത തിരഞ്ഞെടുത്ത സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 2010 ല്‍ നായകന്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് പ്രവേശിച്ചതിന് ശേഷം എട്ട് സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും മലയാള സിനിമയിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇപ്പോഴിതാ തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട സമകാലിക സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പെല്ലിശ്ശേരിയെ പറ്റി ജയസൂര്യയുടെ ഒരു ഫോണ്‍കോള്‍ ജിസ് ജോയി ഓര്‍മ്മിച്ചെടുത്തത്.

’15 വര്‍ഷം മുമ്പ് ജയസൂര്യ വിളിച്ചിട്ട് പറഞ്ഞു. ഇന്ന് ഒരുത്തന്‍ ഒരു ഷോര്‍ട്ട്ഫിലിമുമായിട്ട് എന്റെയടുത്ത് വന്നു. ഉഗ്രനാണ് ഉഗ്രന്‍, പൊളി സാനം. ഞാനവന്റെ പേര് മറന്നു പോയി. ജോസേട്ടനില്ലേ പെല്ലിശ്ശേരി, ജോസേട്ടന്റെ മോനാടാ, ലിജോ ജോസ് പെല്ലിശ്ശേരി,’ ജിസ് ജോയ് പറഞ്ഞു.

പെല്ലിശ്ശേരിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചുരുളി എന്ന സിനിമയുടെ ജിസ് ജോയി വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.