ദൃശ്യം 3 ആദ്യം ഹിന്ദിയിൽ എടുക്കാൻ ശ്രമങ്ങളുണ്ടായി, എന്നാൽ അവർ പിന്മാറിയതിന് കാരണം, തുറന്നുപറഞ്ഞ് ജീത്തു ജോസഫ്

മലയാളി പ്രേക്ഷകർക്കൊപ്പം തന്നെ മറ്റുഭാഷകളിലുളളവരും ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളും ത്രില്ലടിപ്പിക്കുന്ന സിനിമാനുഭവമായിരുന്നു എല്ലാവർക്കും നൽകിയത്. ഇന്ത്യൻ സിനിമയിൽ കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുളള ചിത്രം കൂടിയാണ് ദൃശ്യം സീരീസ്. അടുത്തിടെയാണ് ദൃശ്യത്തിന് മൂന്നാം ഭാ​ഗം ഉണ്ടാവുമെന്ന് മോഹൻലാലും ജീത്തും ജോസഫും സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചത്. തുടർന്ന് സിനിമയുടെ ക്ലൈമാക്സിന്റെ ആദ്യ ഡ്രാഫ്റ്റ് പൂർത്തിയായെന്ന് രണ്ട് ദിവസം മുൻപ് ജീത്തു ജോസഫ് അറിയിക്കുകയുമുണ്ടായി.

ഇപ്പോഴിതാ ദൃശ്യം 3യുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ മാതൃഭൂമി വാരാന്തപതിപ്പിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ. ദൃശ്യം 3 മലയാളത്തിൽ വരുന്നതിന് മുൻ‌പ് ഹിന്ദിയിൽ തുടങ്ങാൻ ശ്രമങ്ങളുണ്ടായെന്ന് ജീത്തു ജോസഫ് പറയുന്നു. “ദൃശ്യം 3 അന്വേഷിച്ച് ഹിന്ദിയിൽ നിന്ന് സിനിമക്കാർ വരുന്നതായുള്ള വാർത്തകൾ ശരിയാണ്. അവരെല്ലാം തിരക്കഥ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയാണ്. മലയാളത്തിലും ഹിന്ദിയിലും ഒരേസമയം ചിത്രീകരണം തുടങ്ങണമെന്ന ആവശ്യം ഉയർന്നിരുന്നു.

Read more

പക്ഷേ അക്കാര്യങ്ങളിലൊന്നും തീരുമാനം ആയിട്ടില്ല. ആദ്യം ഹിന്ദിയിൽ തുടങ്ങാൻ ചില ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്ന ഒരു സൂചന നൽകിയതോടെ അവർക്ക് പിന്തിരിയേണ്ടിവന്നു”, ജീത്തു ജോസഫ് പറഞ്ഞു. സിനിമയുടെ എഴുത്ത് ജോലികൾ ഇനിയും പൂർത്തിയായിട്ടില്ലെന്നും സെപ്റ്റംബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കണമെന്നാണ് കരുതുന്നതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.