ജന്മം കൊണ്ട് ഞാൻ നായരാണ്, അദ്ദേഹം മുസൽമാനും; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിൽ 'അമ്മ' ഇടപ്പെടാത്തത് ഖേദകരം; പ്രതികരണവുമായി ജയൻ ചേർത്തല

രതീന സംവിധാനം ചെയ്ത ‘പുഴു’ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകയുടെ മുൻഭർത്താവ് നടത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും സംഘടിതമായ സൈബർ ആക്രമണം നടന്നിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘ടർബോ’ ബഹിഷ്കരിക്കുമെന്ന തരത്തിലുള്ള ക്യാംപെയ്നുകളും വലതുപക്ഷ വാട്സ്അപ്പ് യൂണിവേഴ്സിറ്റികൾ വഴി നടന്നിരുന്നു. ടർബോ അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ കയറി എന്നതാണ് ഇതിലെ രസകരമായ കാര്യം.

എന്നാൽ ഇപ്പോഴിതാ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളിൽ താര സംഘടനയായ ‘അമ്മ’ പ്രതികരിക്കാത്തത് ഖേദകരമാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ ജയൻ ചേർത്തല. വിശ്വഹിന്ദു പരിഷത്ത് നേതാവ് വിജി തമ്പിയെ വേദിയിലിരുത്തികൊണ്ടാണ് ജയന്റെ പരാമർശം.

ഇന്ത്യൻ സിനിമയിൽ തന്നെ മമ്മൂട്ടിയെ പോലെ സെക്യുലർ ആയ ഒരാൾ വേറെയില്ലെന്നും, അത് തന്റെ തന്നെ അനുഭവം വെച്ചാണ് താൻ പറയുന്നതെന്നും പറഞ്ഞ ജയൻ, സൈബർ ആക്രമണത്തിനെതിരെ താരസംഘടനയായ അമ്മ ഇടപെടാതിരുന്നത് അപലപനീയമാണെന്നും കൂട്ടിചേർത്തു.

“ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെപ്പോലെ സെക്യുലറായ ഒരാൾ ഉണ്ടാകില്ല. അത് മറ്റാരുടെയും അനുഭവം വെച്ചല്ല എന്റെ തന്നെ അനുഭവം വെച്ച് പറയാമെന്നും ജയൻ ചേർത്തല പറഞ്ഞു. താരസംഘടനയായ അമ്മ ഇടപെടാതിരുന്നത് അപലപനീയമാണ്, താനും അമ്മയിലെ മെമ്പറാണെന്നും ജയൻ പറഞ്ഞു.

എന്നെപ്പോലെ ഒരുപാട് ആളുകളെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് മമ്മൂക്ക. ചേർത്തലയിൽ എവിടെയോ കിടന്നിരുന്ന എന്നെ സിനിമയിൽ വില്ലൻ വേഷം തന്ന് ഈ നിലയിലെത്തിച്ച മമ്മൂക്ക എങ്ങനെയാണ് വർഗീയവാദിയാകുന്നത്?

ഞാൻ ജന്മം കൊണ്ട് നായരാണ്, അദ്ദേഹം മുസൽമാനും. അദ്ദേഹത്തിന് വേണമെങ്കിൽ സ്വന്തം സമുദായത്തിൽ ഉള്ളവരെ മാത്രം സിനിമയിൽ കൊണ്ടുവരാമല്ലോ. കിംങ് ആൻഡ് ദി കമ്മീഷ്ണർ പോലുള്ള സിനിമകളിൽ സീരിയലിൽ അഭിനയിച്ചിരുന്ന എന്നെ വിളിച്ച് വില്ലൻ വേഷം തന്നത് മമ്മൂട്ടിയാണ്. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോഴാണ് ഇങ്ങനെ ഒരു കാര്യവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്.” എന്നാണ് പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെ ജയൻ ചേർത്തല പറഞ്ഞത്.