എന്‍ആര്‍ഐക്കാരായ നിര്‍മ്മാതാക്കള്‍ മലയാള സിനിമയെ നശിപ്പിച്ചെന്ന് നടന്‍ ജനാര്‍ദ്ദനന്‍. മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആര്‍എസ് പ്രഭുവിന്റെ 96-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്താണ് ജനാര്‍ദ്ദനന്‍ സംസാരിച്ചത്.
”സാധാരണ സിനിമാക്കാരെ പോലെ മദ്യപാനമില്ല, വ്യഭിചാരമില്ല, മറ്റുള്ള വൃത്തികേടുകളില്ല, കള്ളത്തരമില്ല എന്നതാണ് ആര്‍എസ് പ്രഭുവിന്റെ പ്രത്യേകത. പുറത്ത് നിന്നും നോക്കുന്നവര്‍ക്ക് പ്രഭു എന്നാണ് പേരെങ്കിലും ദാരിദ്ര്യവാസി ആണെന്ന് തോന്നും. പക്ഷേ, അങ്ങനെ അല്ല. പത്ത് പൈസ പോലും ആര്‍ക്കും കടം പറയാതെ ഉള്ള കാശ് കൊടുത്ത്, ഇത്രയേ ഉള്ളൂ ഇതില്‍ അഭിനയിക്കാന്‍ പറ്റുമെങ്കില്‍ വന്നു അഭിനയിക്കുക എന്ന് പറഞ്ഞ് വളരെ ക്ലീന്‍ ആയിട്ട് പടമെടുത്ത വ്യക്തിയാണ്.”
”പത്തിരുപത്തഞ്ച് വര്‍ഷം മദ്രാസില്‍ ഇത് കണ്ട അനുഭവമുണ്ട്. ഇതിന് ശേഷം മലയാള സിനിമയില്‍ കുറെ എന്‍ആര്‍ഐക്കാര്‍ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി. അതുവരെ ഞാന്‍ മദ്രാസില്‍ കണ്ട സിനിമ എന്നുപറഞ്ഞാല്‍ അന്ന് എട്ടോ പത്തോ നിര്‍മാതാക്കള്‍ മാത്രമേയുള്ളൂ. നല്ല പടങ്ങള്‍ എടുക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ.”
”അവര്‍ക്ക് മറ്റ് ബിസിനസുകളില്ല. സിനിമയോടും കലയോടുമുള്ള സ്‌നേഹംകൊണ്ട് നല്ല നോവലുകളും കഥകളും തിരഞ്ഞെടുത്ത് ഉണ്ടാക്കിയിട്ടുള്ള പടങ്ങളാണ് നമ്മളൊക്കെ കണ്ടുകൊണ്ടിരുന്നത്. അതുപോയിട്ട് ഇപ്പോള്‍ ആര്‍ക്ക് വേണമെങ്കിലും അഭിനയിക്കാം, കഥ വേണ്ട. സിനിമ എന്ന് പറഞ്ഞ് 240 പടങ്ങളൊക്കെയാണ് ഒരു വര്‍ഷം ഇറങ്ങുന്നത്.”
Read more
”ഇതില്‍ പച്ചപിടിച്ച് പോകുന്ന അഞ്ചോ ആറോ പടങ്ങളുണ്ടാവും” എന്നാണ് ജനാര്‍ദ്ദനന്റെ വാക്കുകള്‍. പരമ ശുദ്ധനായ വ്യക്തിയാണ് ആര്‍എസ് പ്രഭുവെന്നും ജനാര്‍ദനന്‍ പറഞ്ഞു. ഈ പ്രായത്തില്‍ തനിക്ക് നടക്കാന്‍ വയ്യാതായി. പ്രഭു സാര്‍ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു, അത്തരത്തിലുള്ള ഒരു ജീവിതചര്യയാണ് അദ്ദേഹം അനുഷ്ഠിച്ചത് എന്നുമാണ് ജനാര്‍ദ്ദനന്‍ പറയുന്നത്.