'ആദ്യ സിനിമ ആയതിനാല്‍ സ്തംഭിച്ചു പോയി, നേരത്തെ ഇടപെടേണ്ടതായിരുന്നു..'; മൗനം ചര്‍ച്ചയായതോടെ നടന്റെ വിദീകരണം

നടി ഗൗരി കിഷന് നേരെയുണ്ടായ യൂട്യൂബറിന്റെ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ പ്രതികരിച്ച് സഹനടന്‍ ആദിത്യ മാധവന്‍. യൂട്യൂബര്‍ ശബ്ദം ഉയര്‍ത്തിയപ്പോഴും ഗൗരിക്കൊപ്പം ഉണ്ടായിരുന്ന നടനും സംവിധായകനും അടക്കമുള്ളവരുടെ മൗനം വ്യാപക ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ആദിത്യ വിശദീകരണവുമായി രംഗത്തെത്തിയത്.

മൗനം പാലിച്ചത് ബോഡി ഷെയ്മിങ്ങിനെ അംഗീകരിക്കുന്നത് കൊണ്ടാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല എന്നാണ് ആദിത്യ എക്സില്‍ കുറിച്ചത്. ആദ്യ സിനിമ ആയതിനാല്‍ ചോദ്യം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടാണ് താന്‍ സ്തംഭിച്ചു പോയതെന്നും നേരത്തേ ഇടപെടേണ്ടതായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി.

ഗൗരി കിഷന് പിന്തുണയറിയിച്ച് ഗായിക ചിന്മയി കുറിച്ച എക്സ് പോസ്റ്റിലാണ് ആദിത്യ പ്രതികരിച്ചത്. ”ഞാന്‍ നേരത്തെ ഇടപെടേണ്ടതായിരുന്നു. അവര്‍ അത് അര്‍ഹിച്ചിരുന്നില്ല. ആരും അത്തരമൊരു പെരുമാറ്റം അര്‍ഹിക്കുന്നില്ല. ആരായാലും എല്ലാവര്‍ക്കും ബഹുമാനം ലഭിക്കണം. ഒരിക്കല്‍ക്കൂടി ഞാന്‍ ക്ഷമ ചോദിക്കുന്നു” എന്നാണ് ആദിത്യയുടെ പോസ്റ്റ്.

അതേസമയം, അദേഴ്സ് എന്ന തമിഴ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് യൂട്യൂബര്‍ ഗൗരിക്കെതിരെ ശബ്ദം ഉയര്‍ത്തിയത്. ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്. ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബര്‍ നായകനോട് ചോദിച്ചത്.

ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നല്‍കി. മാത്രവുമല്ല താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നത് ജേര്‍ണലിസമല്ലെന്നും നടി യൂട്യൂബറോട് പറയുന്നുണ്ട്. ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ റിലീസ് അഭിമുഖത്തില്‍ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു.

തുടര്‍ന്ന് സിനിമയുടെ പ്രസ് മീറ്റിങ്ങിന് ശേഷം നടന്ന ചോദ്യോത്തരവേളയില്‍ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ ഈ വിഷയം ന്യായീകരിച്ചു കൊണ്ട് വീണ്ടും ശബ്ദമുയര്‍ത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു. ഇത് ബോഡി ഷെയ്മിങ് ആണെന്ന നിലപാടില്‍ ഗൗരി ഉറച്ചു നില്‍ക്കുകയായിരുന്നു.

Read more