കലാകാരന്മാര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്, വക്രബുദ്ധികള്‍: ഗണേഷ് കുമാര്‍

കരള്‍രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ നടിയും സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായ കെ.പി.എ.സി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ ധനസഹായം നല്‍കുന്നതിനെ അനുകൂലിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്റെ പദവി വഹിക്കുന്ന കെ.പി.എ.സി ലളിത സര്‍ക്കാര്‍ ചികിത്സാ സഹായം ലഭിക്കാന്‍ യോഗ്യയാണ്. ജഗതിക്കും തിലകനും ഉള്‍പ്പെടെ നിരവധി കലാകാരന്മാര്‍ക്ക് മുമ്പ് ധനസഹായം നല്കിയിട്ടുണ്ട്.

നമ്മള്‍ ആദരിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണ് കലാകാരന്മാര്‍. അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. ചികിത്സാ സഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരന്റെ വക്ര ബുദ്ധിയാണ്’- ഗണേഷ് പറഞ്ഞു.