ഹിന്ദി സംസാരിക്കുന്ന ഒരു സൗത്തിന്ത്യക്കാരൻ്റെ കഥാപാത്രങ്ങളാണ് ബോളിവുഡിൽ നിന്നും എന്നെ തേടി വരുന്നത്: ഫഹദ് ഫാസിൽ

മലയാളത്തിലെ പാൻ ഇന്ത്യൻ ആക്ടർ എന്നാണ് ഫഹദ് ഇപ്പോൾ അറിയപ്പെടുന്നത്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ വലിയ വിജയങ്ങൾ നേടിയ ചിത്രങ്ങളിലെല്ലാം ഫഹദ് ഭാഗമായിട്ടുണ്ട്. താൻ പരാജയത്തിൽ നിന്നല്ലേ തുടങ്ങിയതെന്ന് ഫഹദ് ഫാസിൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഫാസിൽ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രം പരാജയപ്പെട്ടു എന്ന് മാത്രമല്ല ഒരു നടനെന്ന നിലയിൽ സിനിമയിലെ പ്രകടനത്തിന് നിരവധി വിമർശനങ്ങളാണ് ഫഹദ് നേരിട്ടത്. അതിന് ശേഷം നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ ‘മൃത്യുഞ്ജയം’ എന്ന സെഗ്മെന്റിലെ ജേർണലിസ്റ്റ് ആയി ഫഹദ് സിനിമയിൽ തിരിച്ചുവരവ് നടത്തി. പിന്നീടൊരു തിരിച്ചുപോക്ക് ഫഹദിന് ഉണ്ടായിട്ടില്ല.

ഇന്ന് ‘ആവേശം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ കരിയറിലെ ആദ്യ 100 കോടി നേട്ടവും സ്വന്തമാക്കി കരിയറിന്റെ ഏറ്റവും പീക്കിലാണ് ഫഹദ് നിൽക്കുന്നത്. റീ ഇൻഡ്രോഡ്യൂസിങ് ഫഫാ എന്ന ടാഗ് ലൈനിൽ ഇറങ്ങിയ ചിത്രം ഫഹദിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ്.

ഇപ്പോഴിതാ തനിക്ക് ബോളിവുഡിൽ നിന്നും അവസരം വന്നിരുന്നുവെന്ന് പറയുകയാണ് ഫഹദ്. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലേക്ക് തന്നെ തേടി വന്നിരുന്നുവെന്നും എന്നാൽ ആ ചിത്രത്തിന് താൻ യോജിക്കാത്തതുകൊണ്ട് തന്നെ ആ സിനിമ ചെയ്തില്ലെന്നാണ് ഫഹദ് പറയുന്നത്.

“ഹിന്ദിയിൽ അഭിനയിക്കാൻ എനിക്ക് ചാൻസ് ലഭിച്ചിരുന്നു. ഒരു ചിത്രത്തിനായി എന്നെ സംവിധായകൻ വിശാൽ ഭരദ്വാജ് സമീപിച്ചിരുന്നു. അന്ന് സ്ക്രിപ്റ്റ് കേട്ടു. എനിക്ക് അത് ഇഷ്‌ടമാകുകയും ചെയ്‌തു. എന്നാൽ ആ ചിത്രത്തിന് ഞാൻ യോജിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു.

ഇതുവരെ നല്ല കഥകൾ ബോളിവുഡിൽ നിന്ന് എന്നെ തേടി വന്നിട്ടില്ല. സംവിധായകനും നിർമാതാവുമായ കരൺ ജോഹറും നടനായ വിക്കി കൗശലുമായൊക്കെ എനിക്ക് നല്ല സൗഹൃദമുണ്ട്. കരൺ എൻ്റെ പടങ്ങൾ കണ്ടതിന് ശേഷം എന്നെ വിളിച്ച് അഭിപ്രായം പറയാറുണ്ട്.

എനിക്ക് ഹിന്ദി അധികം മനസിലാകില്ല. അതുകൊണ്ട് ഹിന്ദി സംസാരിക്കുന്ന ഒരു സൗത്തിന്ത്യക്കാരൻ്റെ കഥാപാത്രങ്ങളാണ് എന്നെ തേടി വരുന്നത്. ഞാൻ അത് ചെയ്യാനും റെഡിയാണ്. ഇതിനോടകം ഞാൻ തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്‌തിട്ടുണ്ട്. ഒരു ഹിന്ദി പടം ചെയ്യാൻ ആഗ്രഹമുണ്ട്. എന്നാൽ അത് എപ്പോഴാണെന്ന് എനിക്ക് അറിയില്ല.” എന്നാണ് ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞത്.

അതേസമയം ജിതു മാധവൻ സംവിധാനം ചെയ്ത ആവേശം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

Read more

 അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.