'നസ്രിയ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാണ്'; മാജിക്കോ റോക്കറ്റ് ശാസ്ത്രമോ ഒന്നുമല്ല പലതും സംഭവിച്ചു പോവുന്നതാണെന്ന് ഫഹദ്

കോവിഡ് കാലത്ത് മൂന്ന് സിനിമകളാണ് ഫഹദ് ഫാസിലിന്റെതായി റിലീസ് ചെയ്തത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിയ സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫഹദിന്റെ സിനിമകള്‍ എല്ലാം വിജയിക്കുന്നതില്‍ എന്തോ ഒരു മാജിക് ഉണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെയൊരു മാജിക്കും ഇല്ലെന്ന് വ്യക്തമാക്കി ഫഹദ്.

തന്നോട് കഥ പറയുന്നതിനെ ആശ്രയിച്ചിരിയ്ക്കും ചെയ്യുന്ന സിനിമകളും. ആവര്‍ത്തനവിരസത തോന്നിയാല്‍ ഒരു കഥയും കേള്‍ക്കില്ല. വളരെ ഏറെ പുതുമയോടെ കഥ പറയുമ്പോഴാണ് ആ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. റീമേക്ക് ചിത്രങ്ങളാണെങ്കിലും, കഥ പുതുമയോടെ പറഞ്ഞ് കേള്‍പ്പിച്ചാല്‍ ചെയ്യാന്‍ താത്പര്യം തോന്നും എന്ന് ഫഹദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പലപ്പോഴും സിനിമ വിജയിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഭാര്യ നസ്രിയ തന്നെ വിളിക്കുന്നത് “ലക്കി അലി” എന്നാണ്. സത്യത്തില്‍ താന്‍ ഭാഗ്യവാനാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തുകയാണ് ഉണ്ടായത്. മാജിക്കോ റോക്കറ്റ് ശാസ്ത്രമോ ഒന്നുമല്ല. സംഭവിച്ചു പോവുന്നതാണ് എന്ന് ഫഹദ് പറഞ്ഞു.

അതേസമയം, മാലിക് ആണ് ഫഹദിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അല്ലു അര്‍ജുന്‍ ചിത്രം “പുഷ്പ”യ്ക്കായി കഴിഞ്ഞ ആഴ്ച ഫഹദ് ഹൈദരാബാദില്‍ എത്തിയിരുന്നു. വില്ലന്‍ വേഷത്തിലാണ് ഫഹദ് ചിത്രത്തില്‍ എത്തുക. കമല്‍ഹാസന്റെ വിക്രം എന്ന ചിത്രത്തിലും ഫഹദ് വില്ലന്‍ വേഷത്തില്‍ എത്തും.