'മത്തങ്ങ മോന്തയുള്ള മോഹൻലാലിനെ നായകനാക്കാൻ പറ്റില്ലെന്നാണ് അന്ന് നിർമ്മാതാവ് പറഞ്ഞത്'; മനസ്സ് തുറന്ന് സംവിധായകൻ

മോഹൻലാലിനെ ആദ്യമായി കണ്ടതും അദ്ദേഹത്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ എത്തിർപ്പുകളെയും പറ്റി വെളിപ്പെടുത്തുകയാണ് സംവിധായകനും കലാസംവിധായകനുമായ രാധാകൃഷ്ണൻ. മാസ്റ്റർ ബിൻ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചിത്രീകരണ സമയത്താണ് മോഹൻലാലിനെ കൂടുതൽ പേർ തിരിച്ചറിയുന്നത്. അങ്ങനെ  തൻ്റെ സിനിമയിലേയ്ക്ക്  മോഹൻലാലിനെ കൊണ്ടുവരാൻ തിരുമാനിക്കുന്നത്. അന്ന് നിർമ്മാതാവ് അതിന് സമ്മതിച്ചിരുന്നില്ല. മോഹൻലാലിനെ താൻ എല്ലാവർക്കും പരിചയപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ ഒരു പ്രൊഡ്യൂസർ തന്നോട് വ്യക്തിപരമായി പറഞ്ഞ ഒരു കാര്യം തന്നെ വല്ലാതെ വിഷമിപ്പിച്ചു.

താനൊരു കലാകാരനല്ലേ ഇതുപോലെ മത്തങ്ങ മുഖമുള്ള ഒരാളെ സിനിമയിൽ അഭിനയിപ്പിക്കാൻ പറ്റുമോ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. ആ സമയത്ത് പ്രിയദർശൻ സിനിമയിലെത്തിയിട്ടില്ല. ആ സമയത്ത് വില്ലനാണ് മോഹൻലാൽ അദ്ദേഹം നായകനാകുമെന്ന് താനും വിചാരിച്ചിരുന്നില്ല. എന്തായാലും അടൂർ ഭാസിക്ക് മുകളിൽ എത്തുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ബുദ്ധിമുട്ട് തോന്നിയ ഒരു സംഭവമായിരുന്നു അത്. മോഹൻലാൽ നായകനാകുമെന്ന് താനും പ്രതീക്ഷിച്ചിരുന്നില്ല പക്ഷേ മോഹൻലാൽ അത് തെളിയിച്ച് കാണിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂവുകൾക്ക് ശേഷവും അദ്ദേഹത്തിന് നല്ല സിനിമകൾ ലഭിച്ചു. പിന്നീട് മോഹൻലാലിനെ മത്തങ്ങ മുഖം എന്ന് വിളിച്ചയാൾ തന്നെ അദ്ദേഹത്തെ വെച്ച് സിനിമകൾ ചെയ്യിപ്പിച്ച  സംഭവം വരെയുണ്ടായിട്ടുണ്ടെന്നും രാധകൃഷ്ണൻ പറഞ്ഞു.