പതിമൂന്ന് വർഷം ജീവിച്ചത് വരുമാനം ഒന്നുമില്ലാതെയാണ്, സുഹൃത്തുക്കളാണ് അക്കാലത്ത് സാമ്പത്തികമായി സഹായിച്ചത്: ദിലീഷ് പോത്തൻ

വെറും മൂന്ന് സിനിമകൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. ഒരുപാട് കാലം അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ശേഷമാണ് 2016-ൽ ‘മഹേഷിന്റെ പ്രതികാര’ത്തിലൂടെ സ്വതന്ത്ര സംവിധായകനാവുന്നത്.

പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ സിനിമകൾ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുകയുണ്ടായി. ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ ഒന്നടങ്കം.

ഇപ്പോഴിതാ സംവിധായകനാവുന്നതിന് മുൻപ് താൻ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തൻ. ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ഇറങ്ങിയതിന് ശേഷവും തനിക്ക് ഒരുപാട് കടങ്ങളുണ്ടായിരുന്നുവെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. കൂടാതെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ സുഹൃത്തുക്കളാണ് തന്നെ സഹായിച്ചതെന്നും ദിലീഷ് പോത്തൻ പറയുന്നു.

“കുറേ കട്ടയ്ക്കുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവർ ഒരുപാട് കടം തന്ന് സഹായിച്ചിട്ടുണ്ട്. ഓരോ സമയത്തും. എന്റെയൊരു 28 വയസ് മുപ്പത് വയസൊക്കെ ഒരു സ്ട്രഗിളിങ് സമയമായിരുന്നു.

എന്റെ കൂടെ പഠിച്ചിരുന്നവരിൽ പലരും ആ സമയം കൊണ്ട് സെറ്റിൽഡായിട്ടുണ്ട്. അവർക്ക് ജോലികളായി അവർക്ക് വരുമാനം വന്നുതുടങ്ങി അങ്ങനെയുള്ള സമയങ്ങളിൽ സാമ്പത്തികമായി എന്റെ സുഹൃത്തുക്കൾ എന്നെ സഹായിച്ചിട്ടുണ്ട്.

ഇടയ്ക്ക് എന്നെ വഴക്കൊക്കെ പറയും, നിനക്ക് ഭ്രാന്താണ് വേറേ വല പണിക്കും പോയ്ക്കൂടേയെന്നൊക്കെ. അങ്ങനെയൊക്കെ പറയുമെങ്കിലും എനിക്ക് കടം തന്നിട്ടെല്ലാം അവർ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവർ അങ്ങനെ എന്നെ ഫണ്ട് ചെയ്‌തിരുന്നു എന്ന് തന്നെ പറയാം.

മഹേഷിന്റെ പ്രതികാരം റിലീസായ സമയത്ത് ഞാൻ ഒരുപാട് കടങ്ങളുള്ള ഒരാളായിരുന്നു. എന്നു പറഞ്ഞാൽ ഒരു പത്ത് പതിമൂന്ന് വർഷം ഞാൻ ജീവിച്ചത് പ്രത്യേകിച്ച് വരുമാനം ഒന്നുമില്ലാതെയായിരുന്നു. അതുകൊണ്ട് തന്നെ അവരുടെയെല്ലാം സാമ്പത്തിക സഹായം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞത്.