തന്റെ ഹൃദയസ്പന്ദനമാണ് സിനിമയെന്നും ലഭിച്ച പുരസ്കാരം സിനിമാ മേഖലയ്ക്കാകെയുള്ളതാണെന്നും നടൻ മോഹൻലാൽ. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുകയാണെന്നും ഈ പുരസ്കാരം തന്നെ കൂടുതൽ ഉത്തരവാദിത്തമുള്ളവനും കൃതജ്ഞതയുള്ളവനുമാക്കുന്നു എന്നും മോഹൻലാൽ പറഞ്ഞു.
മലയാളം സിനിമയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിലും ഈ പുരസ്കാരം സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലയിലും കേരളത്തിൽ നിന്ന് ഈ പുരസ്കാരം കരസ്ഥമാക്കുന്ന രണ്ടാമത്തെ വ്യക്തി എന്ന നിലയിലും ഏറെ സന്തോഷമുണ്ട്. ഈ നിമിഷം എന്റേതു മാത്രമല്ല, ഇത് മുഴുവൻ മലയാള സിനിമയ്ക്കു കൂടി അവകാശപ്പെട്ടതാണ്. മലയാള സിനിമാ വ്യവസായത്തിന്റെ പാരമ്പര്യത്തിനും ക്രിയാത്മകതയ്ക്കും പ്രതിരോധത്തിനും ലഭിക്കുന്ന ആദരവായാണ് ഞാനീ പുരസ്കാരത്തെ കാണുന്നത്.
ഈ പുരസ്കാരം എന്നെ കൂടുതൽ ഉത്തരവാദിത്തമുള്ളവനും കൃതജ്ഞതയുള്ളവനുമാക്കുന്നു. എനിക്കു മുൻപേ പോയവരും എനിക്കൊപ്പം നടക്കുന്നവരുമായ മലയാള സിനിമയിലെ എല്ലാ പ്രതിഭകൾക്കും ഞാനീ പുരസ്കാരം സമർപ്പിക്കുന്നു. അതോടൊപ്പം ഞങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികളായ പ്രേക്ഷകർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു.
Read more
ഈ പുരസ്കാരം എന്നെ കൂടുതൽ കരുത്തനും ഉത്തരവാദിത്തമുള്ളവനുമാക്കുകയാണ്. വർധിച്ച ആത്മവീര്യത്തോടെ സിനിമയ്ക്കൊപ്പമുള്ള എന്റെ യാത്ര തുടരും. കാരണം, എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ- മോഹൻലാൽ പറഞ്ഞു.







