'ശക്തിമാന് വേണ്ടി ബേസിൽ ജോസഫ് രണ്ടുവർഷം കളഞ്ഞു'; സംവിധായകൻ അനുരാഗ് കശ്യപ്

രൺവീർ സിങ്ങിനെ നായകനാക്കി സോണി പിക്‌ചേഴ്‌സ് നിർമിക്കുന്ന ‘ശക്തിമാൻ’ എന്ന ചിത്രം ബേസിൽ ജോസഫ് സംവിധാനംചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, പിന്നീട് ചിത്രത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നില്ല. അതിനിടെ ഇപ്പോഴിതാ ചിത്രത്തെ പറ്റി പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്.

‘ശക്തിമാൻ’ എന്ന സൂപ്പർഹീറോ ചിത്രത്തിനുവേണ്ടി ബേസിൽ ജോസഫ് ബോളിവുഡിൽ രണ്ടുവർഷം കളഞ്ഞെന്നാണ് അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തൽ. ബേസിൽ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അനുരാഗ് കശ്യപിൻ്റെ വെളിപ്പെടുത്തൽ.

‘വെറും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത്രയധികം വൈവിധ്യമുള്ള വേഷങ്ങൾ ചെയ്‌ത ബേസിലിനോട്, ഇത് എങ്ങനെ സാധിക്കുന്നു എന്ന് ഞാൻ ചോദിച്ചു. ‘ശക്തിമാനു’ വേണ്ടി ജീവിതത്തിലെ രണ്ടുവർഷം പാഴായെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ‘ദൈവമേ, ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെയാണ് പിടിച്ചുനിന്നത്’, എന്ന് ബേസിൽ എന്നോട് ചോദിച്ചു. എനിക്ക് തോന്നിയ അതേ കാര്യമാണ് ബേസിലും പറഞ്ഞത്. ‘എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ മാറിനിന്നത്’, എന്ന് ഞാൻ മറുപടി നൽകി. ആ മനുഷ്യൻ രണ്ടുവർഷം പാഴാക്കി’, എന്നായിരുന്നു അനുരാഗ് കശ്യപിന്റെ വാക്കുകൾ.

Read more