സുരേഷേട്ടന്‍ മാന്യതയോടയല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയിട്ടില്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും മാപ്പ് പറയിക്കാന്‍ തോന്നിച്ചത്: ബാബുരാജ്

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാബുരാജ്. മാധ്യമ പ്രവര്‍ത്തകയോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി സുരേഷ് ഗോപി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് ബാബുരാജിന്റെ പ്രതികരണം.

സുരേഷ് ഗോപിയുടെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചതെന്നാണ് ബാബുരാജ് കമന്റായി കുറിച്ചത്. ”കഷ്ടം എന്തൊരു അവസ്ഥ… വര്‍ഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടന്‍ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല… കണ്ടിട്ടില്ല…”

”ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചത്…. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ” എന്നാണ് ബാബുരാജ് കമന്റ് ആയി കുറിച്ചത്. അതേസമയം, കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്.

സുരേഷ് ഗോപിയുടെ കൈ മാധ്യമപ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. സംഭവം വിവാദമായതോടെയാണ് സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ താന്‍ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസ് നടനെതിരെ കേസ് എടുത്തിട്ടുണ്ട്.