പാതിരാത്രിയാണെങ്കില്‍ പോലും റോഡില്‍ ഉറങ്ങിക്കിടക്കുന്ന യാചകരെ അദ്ദേഹം വിളിച്ചുണര്‍ത്തും; സല്‍മാന്‍ ഖാന്‍ പരോപകാരിയെന്ന് നടി

ബോളിവുഡിലെ മുന്‍ നിരത്താരങ്ങളിലൊരാളായ സല്‍മാന്‍ ഖാന്‍ ജീവിതത്തില്‍ വിനയവും സഹജീവി സ്‌നേഹവുമൊക്കെയുള്ള നടനാണെന്നാണ് ആരാധകരുടെ പ്രശംസ. ഇതിനെ സാധൂകരിക്കുന്ന ഒരു സംഭവം തന്റെ ഓര്‍മ്മയില്‍ നിന്ന് പങ്കുവെച്ചിരിക്കുകയാണ് നടി ആയിഷ ജുല്‍ക്ക. ഒരിക്കല്‍ ഒരു സിനിമയില്‍ സൂപ്പര്‍സ്റ്റാറിനൊപ്പം ജോലി ചെയ്തപ്പോഴുണ്ടായ ഒരു അനുഭവമാണ് അവര്‍ മിഡ് ഡേയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

1991ല്‍ കുര്‍ബാനില്‍ ആയിഷയും സല്‍മാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ആയിഷയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. സിനിമാ സെറ്റില്‍ ശേഷിക്കുന്ന ഭക്ഷണമെല്ലാം താരം പായ്ക്ക് ചെയ്യുമെന്നും അത് സംഭാവന ചെയ്യാന്‍ ആരെയെങ്കിലും കണ്ടെത്താന്‍ ശ്രമിക്കുമെന്നും ആയിഷ ജുല്‍ക്ക പറഞ്ഞു.

”അത് വളരെ അതിശയകരമാണ്. സല്‍മാന്‍ ഖാനെ എനിക്ക് വളരെ ഇഷ്ടമാണ്, കാരണം അദ്ദേഹം ഒരു മികച്ച മനുഷ്യനാണ്. അന്ന് ഞാന്‍ ഓര്‍ക്കുന്നു, ഞങ്ങള്‍ ഷൂട്ട് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍, അദ്ദേഹം പാവപ്പെട്ടവര്‍ക്കായി ഭക്ഷണം പാക്ക് ചെയ്യുന്നത് ഞാന്‍ കാണുമായിരുന്നു, ”ആയിഷ പറഞ്ഞു.

രാത്രി ഏറെ വൈകിയാലും റോഡില്‍ കിടന്നുറങ്ങുന്ന യാചകരെ വിളിച്ചുണര്‍ത്തി അദ്ദേഹം ഭക്ഷണം നല്‍കും. അവര്‍ കൂട്ടിച്ചേര്‍ത്തു. സാഹ അലി ഖാന്‍, ജൂഹി ചൗള, കൃതിക കമ്ര, ഷഹാന ഗോസ്വാമി, കരിഷ്മ തന്ന എന്നിവരോടൊപ്പം അഭിനയിച്ച ഹഷ് ഹഷ് എന്ന പ്രൈം വീഡിയോ സീരീസിലൂടെ ആയിഷ ജുല്‍ക്ക അഭിനയരംഗത്തേക്ക് മടങ്ങി വന്നിരുന്നു.