ആദ്യം ചാന്‍സ് ചോദിച്ചത് മുരളി ഗോപിയോട്, മറുപടി ഇങ്ങനെയായിരുന്നു.., പിന്നീട് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല: അശ്വത്ത് ലാല്‍

ഹൃദയം ചിത്രത്തിലെ ആന്റണി താടിക്കാരന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അശ്വത്ത് ലാല്‍. സിനിമ തന്നെയായിരുന്നു തന്റെ എക്കാലത്തേയും സ്വപ്നമെന്നും താന്‍ ആദ്യമായി ചാന്‍സ് ചോദിച്ചത് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയോട് ആയിരുന്നു എന്നുമാണ് അശ്വത്ത് പറയുന്നത്.

ചെമ്പഴന്തി എസ്.എന്‍ കോളേജിലാണ് താന്‍ പഠിച്ചത്. തങ്ങളുടെ എച്ച്ഒഡിയുടെ സുഹൃത്താണ് മുരളി ഗോപി. ഒരു മീഡിയ ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുരളി ഗോപി കോളേജില്‍ വന്നിരുന്നു. താന്‍ അന്ന് ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുകയാണ്.

അദ്ദേഹം ഉദ്ഘാടനമൊക്കെ കഴിഞ്ഞ് തിരിച്ച് ഇറങ്ങിപ്പോകുന്ന സമയത്ത് താന്‍ അദ്ദേഹത്തിന്റെ അടുത്ത് എത്തി. ”സര്‍ എന്റെ പേര് അശ്വത്ത് എന്നാണ്. എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. എനിക്ക് ഒരു ചാന്‍സ് തരാമോ” എന്ന് ചോദിച്ചു.

”ഇപ്പോള്‍ എന്തു ചെയ്യുന്നു” എന്നായി പുള്ളി, പഠിക്കുന്നു എന്ന് താന്‍. ”ആ എന്നാല്‍ ആദ്യം പഠിക്ക്, പഠിച്ചൊക്കെ കഴിഞ്ഞിട്ട് നോക്കാം” എന്ന് പറഞ്ഞു. ദേഷ്യത്തിലൊന്നുമല്ല പറഞ്ഞത്. അത് പറഞ്ഞ ശേഷം അദ്ദേഹം പോയി. പിന്നീട് താന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല.

എന്നെങ്കിലും കാണണമെന്ന് ആഗ്രഹമുണ്ട്. സിനിമയില്‍ എത്തുക എന്നത് തന്നെയായിരുന്നു എന്നും ആഗ്രഹം. സിനിമയെ കുറിച്ച് പറഞ്ഞുതരാനൊന്നും ആരും ഉണ്ടായിരുന്നില്ല. എങ്കിലും ഇവിടെ എത്തണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഇവിടെ എത്തി എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അശ്വത്ത് പറയുന്നത്.

അതേസമയം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ജനുവരി 21ന് തിയേറ്ററുകളില്‍ എത്തിയ ഹൃദയത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രണവ് അവതരിപ്പിച്ച അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ ആന്റണി താടിക്കാരന്‍ എന്ന കഥാപാത്രമായാണ് അശ്വത്ത് ചിത്രത്തില്‍ വേഷമിട്ടത്.