അനി ക്ലാസിക്കല്‍ സംഗീതം പഠിക്കണം, എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്..; അനിരുദ്ധിനോട് എആര്‍ റഹ്‌മാന്‍

അനിരുദ്ധ് രവിചന്ദറിനെ പ്രശംസിച്ച് ഒപ്പം ഉപദേശവുമായി എആര്‍ റഹ്‌മാന്‍. അനിരുദ്ധിനോട് ക്ലാസിക്കല്‍ സംഗീതം പഠിക്കാനാണ് റഹ്‌മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജയം രവിയെയും നിത്യ മേനനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉദയനിധിയുടെ ഭാര്യ കിരുതിക സംവിധാനം ചെയ്യുന്ന ‘കാതലിക്ക നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് എആര്‍ റഹ്‌മാന്‍ സംസാരിച്ചത്.

”അനി മികച്ച സംഗീതമാണ് ഒരുക്കുന്നത്. അദ്ദേഹം വലിയ സിനിമകളില്‍ പ്രവര്‍ത്തിക്കുകയും ഹിറ്റുകള്‍ നല്‍കുകയും ചെയ്യുന്നു. 10 അല്ല 10,000 സംഗീതസംവിധായകരുണ്ട് ഇവിടെ. എന്നാല്‍ അദ്ദേഹം വേറിട്ട് നില്‍ക്കുന്നു. അത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. എനിക്ക് അനിയോട് ഒരു അഭ്യര്‍ഥനയുണ്ട്…”

”ക്ലാസിക്കല്‍ സംഗീതം പഠിച്ച് പാട്ടുകള്‍ ചെയ്യണം. രാഗം അടിസ്ഥാനമാക്കി കുറേ പാട്ടുകള്‍ ഒരുക്കണം. അതിലൂടെ നിങ്ങളുടെ സംഗീതത്തെ സമ്പന്നമാക്കുക മാത്രമല്ല, അടുത്ത തലമുറയെ പ്രചോദിപ്പിക്കാനും പഠിപ്പിക്കാനും സാധിക്കും” എന്നാണ് എആര്‍ റഹ്‌മാന്‍ പറയുന്നത്. റഹ്‌മാന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

അതേസമയം, റഹ്‌മാനോടുള്ള ആരാധന പൊതുവേദിയില്‍ ഉള്‍പ്പടെ പലപ്പോഴും അനിരുദ്ധും പ്രകടമാക്കിയിട്ടുണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത ‘ഐ’ എന്ന ചിത്രത്തില്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തിയ ‘മെര്‍സലായിട്ടെന്‍’ എന്ന ഗാനം അനിരുദ്ധ് ആലപിച്ചിട്ടുമുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ മത്സരത്തിലാണെന്ന് ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. നിലവില്‍ റഹ്‌മാനേക്കാള്‍ കൂടുതല്‍ പ്രതിഫലം അനിരുദ്ധ് കൈപ്പറ്റുന്നുണ്ട്.