'എനിക്ക് ഇഷ്ടപ്പെടാത്തതു കൊണ്ടാണ് ആ സിനിമ നടക്കാതെ പോയതെന്ന് പറയരുതല്ലോ'; മോഹന്‍ലാല്‍ സിനിമ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആന്റണി

മോഹന്‍ലാല്‍ സിനിമകളുടെ കഥ തിരഞ്ഞെടുക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണെന്ന പ്രചാരണങ്ങള്‍ അമ്പത് ശതമാനം ശരിയും അമ്പത് ശതമാനം തെറ്റുമാണെന്ന് നിര്‍മ്മാതാവ്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചത്.

ഒറ്റവാക്കില്‍ ഒരു ഉത്തരം നല്‍കാം ആന്റണി കഥ കേള്‍ക്കുന്നു എന്നത് അമ്പത് ശതമാനം ശരിയും, അമ്പത് ശതമാനം തെറ്റുമാണ്. കാരണം, ആശിര്‍വാദ് നിര്‍മ്മിക്കുന്ന സിനിമകളുടെ കഥകളെല്ലാം താനും ലാല്‍സാറും ചേര്‍ന്നാണ് കേള്‍ക്കുന്നതും സ്വീകരിക്കുന്നതും.

ആ കഥകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ താനും പങ്കാളിയാകാറുണ്ട്. എന്നാല്‍ മറ്റ് നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന സിനിമകളുടെ കഥകള്‍ ലാല്‍ സാര്‍ തന്നെയാണ് കേള്‍ക്കുന്നത്. അത്തരം ചര്‍ച്ചകളില്‍ താന്‍ ഇരിക്കാറില്ല.

അതിനു കാരണം, എതെങ്കിലും തരത്തില്‍ ആ സിനിമ നടക്കാതെ പോയാല്‍ തനിക്ക് ഇഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ. സൗഹൃദവലയത്തിലും പരിചയത്തിലും ഉള്ളവര്‍ നിര്‍ബന്ധിക്കുന്ന ചില സാഹചര്യങ്ങളില്‍ കഥ കേള്‍ക്കാന്‍ ഇരിക്കേിവരാറുണ്ട്.

കഥകേട്ടാല്‍ അഭിപ്രായം പറയാന്‍ മടി കാണിക്കാത്ത ആളാണ് താന്‍. അതുകൊണ്ട് കഴിയുന്നതും തന്നെ അത്തരം ചര്‍ച്ചയില്‍ ഇരുത്തരുതെന്ന് നിര്‍ബന്ധിക്കുന്നവരോടെല്ലാം താന്‍ ആദ്യമേ പറയാറുണ്ട് എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.