20 ദിവസം നീളുന്ന ആക്ഷൻ ഷൂട്ട്, അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുളള സിനിമ, മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

തുടരും സിനിമ വൻവിജയമായ സമയത്താണ് മോഹൻലാലിനെ നായകനാക്കിയുളള തന്റെ സിനിമ നടൻ അനൂപ് മേനോൻ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം പ്രണയത്തിലൂടെയും സം​ഗീതത്തിലൂടെയുമുളള ഒരു യാത്രയായിരിക്കുമെന്ന് മോഹൻ‌ലാൽ സോഷ്യൽ‌ മീഡിയയിൽ കുറിച്ചിരുന്നു. സിനിമയെ കുറിച്ചുളള അപ്ഡേറ്റ് ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിരിക്കുകയാണ് അനൂപ് മേനോൻ.

സമയമെടുത്ത് ചെയ്യേണ്ട ചിത്രമായതിനാൽ ഈ സിനിമ അടുത്ത വർഷമേ യാഥാർത്ഥ്യമാവൂളളൂ എന്ന് നടൻ പറഞ്ഞു. “ലാലേട്ടനെ വച്ചുളള ചിത്രം അടുത്ത വർഷമേ സംഭവിക്കൂ. നിർമാതാക്കൾ മാറി. സിനിമയിലെ ഒരു പ്രധാന സീക്വൻസ് ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നത് കൊൽക്കത്തയിലെ ദുർ​ഗാപൂജയിലാണ്. അത് അടുത്ത വർഷമേ ഇനി സാധ്യമാവൂ. ആ ഫെസ്റ്റിവലിൽ 20 ദിവസത്തെ ഷൂട്ടുണ്ട്. അതിനിടയിൽ വച്ച് ആക്ഷൻ ഫൈറ്റ് സീക്വൻസാണ് എടുക്കുക. അവിടെ വച്ച് യഥാർഥമായി തന്നെ ഷൂട്ട് ചെയ്യണം എന്നുളളതുകൊണ്ടാണ് വൈകുന്നത്”, അനൂപ് മേനോൻ പറഞ്ഞു.

Read more

“സിനിമയിൽ അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുണ്ട്. അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ക്യാൻവാസിലുളള ചിത്രമാണ്. ഇത്രയും പാട്ടുകളും ഫൈറ്റുകളും ഉളളതിനാൽ ബജറ്റ് വളരെ വലുതാണ്. തിരക്കഥ ജോലികൾ പുരോ​ഗമിക്കുകയാണ്. ഈ സിനിമ സമയമെടുത്ത് ചെയ്യാമെന്നാണ് ലാലേട്ടൻ പറഞ്ഞത്”, അനൂപ് മേനോൻ കൂട്ടിച്ചേർത്തു.