അത് ചോദിക്കേണ്ട ആവശ്യമുണ്ടോ വിനീതേട്ടാ? എന്നായി ഞാന്‍, ജോലിയും രാജി വച്ച് നേരെ 'ഹൃദയ'ത്തിലേക്ക്: അന്നു ആന്റണി

പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് “ഹൃദയം”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം കല്യാണിയും താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആനന്ദത്തിന് ശേഷം ഹൃദയത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി അന്നു ആന്റണി.

ചെന്നൈയില്‍ വച്ചാണ് അന്നുവിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ജോലി രാജിവച്ച് ഹൃദയത്തിന്റെ ഷൂട്ടിംഗിനായി എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അന്നു ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്നു ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

ആനന്ദം സിനിമയ്ക്ക് ശേഷം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പിജി ചെയ്യാനായി പോയ അന്നു തുടര്‍ന്ന് ഒരു സ്‌കൂളില്‍ അധ്യപികയായി പ്രവര്‍ത്തിച്ചു. 2019ല്‍ ഒക്ടോബറിലാണ് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസന്‍ ഹൃദയത്തിലേക്ക് വിളിക്കുന്നത് എന്നാണ് താരം പറയുന്നത്.

“”ആ കഥാപാത്രത്തിന് ഞാന്‍ യോജിക്കുമെന്ന് വിനീതേട്ടന് തോന്നി. ആദ്യ സിനിമയിലെ കഥാപാത്രം ദേവൂട്ടിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമാണ്. പാതി മലയാളിയും പാതി തമിഴും. വിനീതേട്ടന്‍ എന്നോട് ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അത് എന്നോട് ചോദിക്കേണ്ട ആവശ്യമുണ്ടോ വിനീതേട്ടാ? നിങ്ങളുടെ സിനിമയില്‍ ഞാന്‍ ഏത് റോള്‍ ചെയ്യാനും തയാറാണ് എന്നാണ് പറഞ്ഞത്.””

Read more

“”ഓഡിഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ജോലി രാജി വച്ച് പ്രൊജക്ടിലേക്ക് ജോയിന്‍ ചെയ്യുകയായിരുന്നു. ആദ്യത്തെ രണ്ട് ഷോട്ടുകള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടി. എന്നാല്‍ വിനീതേട്ടന്‍ ഒരുപാട് സഹായിച്ചു”” എന്നാണ് അന്നു പറയുന്നത്.