'കാന്താര' ടോക്‌സിക് മസ്‌കുലിനിറ്റിയുടെ ആഘോഷം; ചിത്രത്തിന് എതിരെ ആനന്ദ് ഗാന്ധി

‘കാന്താര’ സിനിമയ്‌ക്കെതിരെ പ്രതികരിച്ച് ചലച്ചിത്രകാരന്‍ ആനന്ദ് ഗാന്ധി. ചിത്രം തുംബാഡ് പോലൊന്നുമല്ലെന്നും ടോക്‌സിക് മസ്‌കുലിനിറ്റിയുടെ ആഘോഷമാണ് ചിത്രമെന്നുമാണ് ആനന്ദ് പറയുന്നത്. കാന്താര കണ്ട ശേഷം ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുംബാഡിന്റെ സഹ തിരക്കഥാകൃത്തും സഹ നിര്‍മ്മാതാവും ക്രിയേറ്റീവ് ഡയറക്ടറുമാണ് ആനന്ദ് ഗാന്ധി.

‘കാന്താര ഇങ്ങനെയല്ല ടോക്‌സിക് മസ്‌കുലിനിറ്റിയുടേയും സങ്കുചിത മനോഭാവത്തിന്റേയും ഭീകരത കാണിക്കുകയായിരുന്നു തുംബാഡില്‍ എന്റെ ലക്ഷ്യം. കാന്താര ഇവയുടെ ആഘോഷമാണ്,’ ആനന്ദ് ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ആനന്ദിനെ പിന്തുണച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.

‘സിനിമകളെ ആഴത്തില്‍ മനസ്സിലാക്കുന്നവര്‍ക്ക് ഇതും മനസ്സിലാകും. നിങ്ങളുടെ സിനിമ തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു’, ‘കാന്താര നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ കൊണ്ടാടപ്പെടുന്നു,’ എന്നിങ്ങനെയൊക്കെയാണ് പ്രതികരണങ്ങള്‍.

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര സെപ്റ്റംബര്‍ 30 നാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരു ജനത നടത്തുന്ന പോരാട്ടവും അടിസ്ഥാനവര്‍ഗത്തിനു മേല്‍ അധികാരവര്‍ഗത്തിന്റെ കടന്നുകയറ്റവും അടിച്ചമര്‍ത്തലുമൊക്കെ ‘കാന്താര’യില്‍ പ്രമേയമാകുന്നുണ്ട്. ഹൊംബാലെ ഫിലിംസ് നിര്‍മ്മിച്ച ചിത്രം 400 കോടി കളക്ഷന്‍ നേടി.