ഞാന്‍ പെട്ടിക്കടയില്‍ പോയി വാങ്ങിച്ചതല്ല ഓട്ടിസം, പടയപ്പ സ്‌റ്റൈല്‍ മാതിരി കൂടവെ പുറന്തത്: അല്‍ഫോണ്‍സ് പുത്രന്‍

തന്റെ കണ്ണീരിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം തിയേറ്ററുടമകളാണെന്ന് ആരോപിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്തെത്തിയിരുന്നു. തന്റെ സുഹൃത്തുക്കളായ കാര്‍ത്തിക് സുബ്ബരാജ്, ബോബി സിന്‍ഹ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രം അല്‍ഫോണ്‍സ് പുത്രന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്.

സംവിധായകന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആയിരുന്നു കമന്റുകള്‍ എത്തിയത്. തന്റെ പോസ്റ്റിന് താഴെയെത്തിയ കമന്റുകള്‍ക്ക് നല്‍കിയ മറുപടിയിലാണ് തിയേറ്റര്‍ ഉടമകളെ സംവിധായകന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. ഇതിനിടെ തന്റെ അസുഖത്തെ കുറിച്ച് ചോദിച്ച കമന്റിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

”നിങ്ങള്‍ക്ക് എന്തോ ഓട്ടിസം പോലെ വന്നു എന്ന് കേട്ടു. എല്ലാം നിര്‍ത്തുന്നു എന്നൊക്കെ പറഞ്ഞു. ഇപ്പോ എങ്ങനെയാണ് ആരോഗ്യം?” എന്ന കമന്റിനാണ് അല്‍ഫോണ്‍സ് പുത്രന്‍ മറുപടി നല്‍കിയത്. ”ഞാന്‍ പെട്ടിക്കടയില്‍ നിന്നും കഴിഞ്ഞ മാസം വാങ്ങിച്ചപ്പോ കിട്ടിയതല്ല. അതു കണ്ടുപിടിച്ചത് ഇപ്പോഴാണ്. കൂടവെ പുറന്തത്, പടയപ്പ സ്‌റ്റൈല്‍ മാതിരി” എന്നാണ് സംവിധായകന്റെ മറുപടി.

No description available.

തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ബാധിച്ചതിനാല്‍ സിനിമ ഉപേക്ഷിക്കുന്നുവെന്ന പോസ്റ്റ് നേരത്തെ അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 30ന് പങ്കുവച്ച കുറിപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംവിധായകന്‍ ഡിലീറ്റ് ചെയ്തിരുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ (ASD) തലച്ചോറിലെ ചില വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ്.

”ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒ.ടി.ടി വരെ ചെയ്യും.”

”സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്ക് വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതു പോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും” എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.