500 കോടി ബജറ്റൊക്കെ ആളെപറ്റിക്കാൻ ഊതിപ്പെരുപ്പിക്കുന്നത്, എറ്റവും വഷളായ സിനിമ വെളുപ്പാൻ കാലത്ത് പോലും കാണാനാളുണ്ട്: അടൂർ ​ഗോപാലകൃഷ്ണൻ

ഒരു സിനിമക്ക് വേണ്ടി 500 കോടി ചെലവാക്കിയെന്ന് പറയുന്നത് പ്രേക്ഷകരെ പറ്റിക്കലാണെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. നല്ല സിനിമകൾ കാണാൻ ഇപ്പോൾ ആളുകളില്ലെന്നും എന്നാൽ വഷളായ സിനിമകൾ കാണാൻ വെളുപ്പാൻകാലത്ത് പോലും ആളുകൾ പോകുമെന്നും അടൂർ പറഞ്ഞു. ‘പമ്പ’ (പീപ്പിൾ ഫോർ പെർഫോമിങ് ആർട്സ് ആൻഡ് മോർ) സാഹിത്യോത്സവം ഫെസ്റ്റിവൽ ഓഫ് ഡയലോ​ഗ് 13-ാമത് എഡിഷൻ ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇത്രയും തുക മുടക്കിയെങ്കിൽ അതിനനുസരിച്ച് നികുതി കൊടുക്കണം. അത് നടക്കുന്നില്ല. ഒരു സിനിമക്ക് 500 കോടി മുടക്കിയെന്ന് കേൾക്കുമ്പോൾ ആ ചിത്രം കേമമാണെന്ന വിചാരമാണ്. ഭേദപ്പെട്ട സിനിമകൾ ഇപ്പോൾ ആളുകൾ കാണുന്നില്ല. ഭേദപ്പെട്ടതാണെങ്കിൽ കാണാനുളളതല്ല എന്നാണ് അർത്ഥം. അതേസമയം എറ്റവും വഷളായ സിനിമ ഇറങ്ങുന്ന ദിവസം വെളുപ്പാൻ കാലത്തും കാണാനാളുണ്ട്”, അടൂർ പറയുന്നു.

Read more

“സാമൂഹിക മാധ്യമങ്ങളുടെയും റീൽസുകളുടെയും സ്വാധീനംമൂലം നമ്മൾ അറിയാതെ തന്നെ സംസ്കാരം ഇടിച്ചുതാഴ്ത്തുകയാണ്. ഇന്ത്യയിൽ തന്നെ എറ്റവും നല്ല സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ഇറങ്ങുന്നുണ്ട്. അവയൊന്നും വായിക്കാനാളില്ല. ‌കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കണം. അവർ കഥകളി, കൂടിയാട്ടം പോലെയുളള പാരമ്പര്യകലകൾ കൂടി അറിഞ്ഞുവളരണം. കഥകളും കവിതകളും പത്രങ്ങളും വായിക്കണം. കുട്ടികൾ കഷ്ടിച്ചേ സാഹിത്യം പഠിക്കുന്നുളളൂ. ആഴത്തിലുളള സാഹിത്യപഠനം നടക്കുന്നില്ല”, അടൂർ ​ഗോപാലകൃഷ്ണൻ പറഞ്ഞു.