രമേഷ് പിഷാരടി വിളിച്ച് പറഞ്ഞത് കേട്ട് ഞങ്ങളുടെ എല്ലാവരുടെയും കണ്ണു നിറഞ്ഞു പോയി; രജിത് കുമാറുമായുള്ള വിവാഹത്തെ കുറിച്ച് കൃഷ്ണപ്രഭ

വിവാഹ വേഷത്തിലുള്ള രജിത് കുമാറിന്റെയും കൃഷ്ണപ്രഭയുടെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന് പിന്നാലെ സത്യാവസ്ഥ കൃഷ്ണപ്രഭ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പോലും വിവാഹക്കഥ വിശ്വസിച്ചു എന്നാണ് കൃഷ്ണപ്രഭ പറയുന്നത്. രമേഷ് പിഷാരടിയുടേത് അടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും കൃഷ്ണപ്രഭ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

കൃഷ്ണപ്രഭയുടെ വാക്കുകള്‍:

രജിത് സാറുമായി എന്റെ വിവാഹം കഴിഞ്ഞുവെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ബഹളമായിരുന്നു. കുറച്ച് നേരത്തേക്ക് ഞാന്‍ ഫോണ്‍ ഓഫ് ചെയ്തു വച്ചു. റിപ്ലൈ ചെയ്ത് മടുത്തു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ പരമ്പരയുടെ പ്രൊമോഷനായിരുന്നു അത്. രജിത് സാര്‍ സൂപ്പര്‍ കോ ആര്‍ട്ടിസ്റ്റാണ്. സാറിനും ഒരുപാട് കോള്‍ വന്നു. ഈ ഒരു വാര്‍ത്ത വന്നതിന് ശേഷം ഒരുപാട് രസകരമായ സംഭവങ്ങളും വേദനിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

രസകരമായത് ഞാനിപ്പോള്‍ വയനാട്ടില്‍ ആണുള്ളത് അതിനാല്‍ പരും വിളിച്ച് ചോദിച്ചത് കല്യാണം കഴിഞ്ഞ ഉടനെ ഹണിമൂണിന് പോയോ എന്നാണ്. കാരണം ഈ വാര്‍ത്ത വന്ന ഉടനെ ഫെയ്‌സ്ബുക്കില്‍ ഓണ്‍ ദ വേ ടു വയനാട് എന്ന പോസ്റ്റിട്ടിരുന്നു. റിപ്ലൈ പറഞ്ഞ് മടുത്തു. ഇത്തരത്തില്‍ സംഭവം നടന്നപ്പോഴാണ് ആരാണ് നമുക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയുന്നത്.

ഞങ്ങളുടെ എല്ലാവരുടെയും കണ്ണു നിറഞ്ഞു പോയത് പിഷാരടിയുടെയും ഹരി പി നായരുടെയും കോള്‍ കൊണ്ടാണ്. പിഷാരടി വിളിച്ചപ്പോള്‍ തന്നെ പറഞ്ഞത് ഞങ്ങളൊക്കെ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണ് എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ ഒരു വാക്ക് ഞങ്ങളോട് പറയാമായിരുന്നു. അദ്ദേഹത്തിന്റെ കല്യാണ ആല്‍ബത്തില്‍ നിന്നും ഞങ്ങളുടെ ഫോട്ടോ എടുത്ത് മാറ്റാന്‍ പോവുകയാണെന്നൊക്കെ പറഞ്ഞു. സത്യം പറഞ്ഞാല്‍ കണ്ണു നിറഞ്ഞു. കട്ട് ചെയ്ത് പോയ പിഷാരടിയെ തിരിച്ചു വിളിച്ചാണ് കാര്യം പറഞ്ഞത്. അങ്ങനെ ഒരുപാട് പേര്‍ വിശ്വസിച്ചു.

ഞാന്‍ താമസിക്കുന്ന തൊട്ടടുത്തുള്ള വീട്ടിലെ രാഘവന്‍ എന്ന അഞ്ചു വയസുകാരന്റെ അമ്മ സ്‌ക്രീന്‍ ഷോട്ട് അയച്ചിട്ട് നിങ്ങളുടെ കല്യാണം കഴിഞ്ഞോ എന്ന്. അഞ്ചു വയസുകാരന്‍ കൃഷ്ണപ്രഭ ചേച്ചിയുടെ കല്യാണം കഴിഞ്ഞോ എന്നിട്ട് ഞങ്ങളെ വിളിച്ചില്ലാലോ എന്ന് ചോദിച്ചത് കേട്ടപ്പോള്‍ സങ്കടമായി.

Read more