'എന്റെ നെഞ്ച് പൊട്ടി ഞാന്‍ കരഞ്ഞ മഴ ആയിരുന്നു അത്, നിങ്ങളത് മനസിലാക്കണം...'; മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ആര്യ

നടി അര്‍ച്ചന സുശീലനും സഹോദരന്‍ രോഹിത് സുശീലനും ഒരേ ദിവസം തന്നെയാണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് സന്തോഷ വാര്‍ത്ത പ്രേക്ഷകര്‍ അറിയുന്നത്. എന്നാാല്‍ അവതാരകയും നടിയുമായ ആര്യയുടെ പേരിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

അര്‍ച്ചനയുടെ സഹോദരന്‍ രോഹിത് സുശീലന്‍ ആയിരുന്നു ആര്യയുടെ ആദ്യ ഭര്‍ത്താവ്. രോഹിത്തുമായി വേര്‍പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ച് ആര്യ ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തപ്പോള്‍ തുറന്നു പറഞ്ഞിരുന്നു. രോഹിത്തിന്റെ വിവാഹവുമായി ബന്ധപ്പെടുത്തി അനേകം വ്യാജ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്.

രോഹിത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ആര്യ രംഗത്തെത്തിയത്. ആര്യ നെഞ്ചുപൊട്ടി കരയുകയാണെന്ന തരത്തിലൊക്കെ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിന് രസകരമായ മറുപടിയാണ് ആര്യ നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം.

”പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇന്നലെ എറണാകുളം കാക്കനാട് ഭാഗത്ത് പെയ്ത മഴ കാലവസ്ഥ കൊണ്ട് പെയ്ത മഴ അല്ല. എന്റെ നെഞ്ച് പൊട്ടി ഞാന്‍ കരഞ്ഞ മഴ ആയിരുന്നു അത്. നിങ്ങളത് മനസിലാക്കണം…” എന്നാണ് താരം പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

2018ല്‍ ആണ് ആര്യയും രോഹിത്തും പത്തു വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നത്. സ്‌കൂള്‍ കാലം മുതല്‍ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും 2008ല്‍ ആണ് വിവാഹിതരാവുന്നത്. ഇവര്‍ക്ക് റോയ എന്ന മകളുമുണ്ട്.