എനിക്ക് ആള്‍ക്കൂട്ടത്തെ കാണുന്നത് ഇഷ്ടമല്ല, സ്വയം കണ്‍ട്രോള്‍ ചെയ്യാന്‍ അറിയില്ല.. എന്റെ കഴിവുകേടാണത്: വിനായകന്‍

തനിക്ക് പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്ന് അറിയില്ലെന്ന് നടന്‍ വിനായകന്‍. പൊതുവേദികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിനെ കുറിച്ചാണ് വിനായകന്‍ ‘കളങ്കാവല്‍’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലില്‍ പ്രതികരിച്ചത്. ശരിക്കും തനിക്ക് ആള്‍ക്കൂട്ടത്തെ കാണുന്നത് ഇഷ്ടമല്ല. അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല എന്നാണ് വിനായകന്‍ പറയുന്നത്.

വിനായകന്റെ വാക്കുകള്‍:

സിനിമ, സിനിമയുടെ ബിസിനസ് അതാണ് ഞാന്‍ മെയിന്‍ ആയിട്ട് നോക്കാറുള്ളത്. എനിക്ക് ജനങ്ങളോട് സംസാരിക്കാന്‍ അറിയില്ല, ഒന്നും ഉള്‍ക്കൊള്ളാന്‍ പറ്റണം എന്നില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ അറിയില്ല. അതെല്ലാം എന്റെ കുറെ പ്രശ്‌നങ്ങള്‍ കാരണമാണ്. അതൊന്നും പബ്ലിക് ആയിട്ട് വന്നു കാണിക്കണ്ട എന്ന് കരുതിയാണ് പൊതുവേദികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത്. താല്‍പര്യമില്ല എന്നല്ല താല്‍പര്യമുണ്ട്, പക്ഷേ പറ്റുന്നില്ല. പത്തു പേര്‍ നില്‍ക്കുമ്പോള്‍ രണ്ടുപേര്‍ എന്നെ തോണ്ടും, എന്റെ സ്വഭാവം അനുസരിച്ച് ഞാന്‍ എന്തെങ്കിലും പറയും. പിന്നെ അത് പ്രശ്‌നമാകും. അതിനേക്കാള്‍ ഏറ്റവും നല്ലത് വീട്ടില്‍ ഇരിക്കുക എന്നതാണ്.

ഇടയ്ക്ക് ഞാന്‍ ഗോവയില്‍ പോയി താമസിക്കാറുണ്ട്. അവിടെ എനിക്ക് സ്‌കൂട്ടര്‍ ഓടിച്ച് പുറത്തു സഞ്ചരിക്കാം, ആരും എന്നെ അറിയുന്നില്ല. ചിലര്‍ക്കൊക്കെ അറിയാമായിരിക്കും പക്ഷേ, അവിടുത്തെ ആളുകള്‍ വേറെ ഒരു രീതിയാണ്. ശാന്തരാണ് എന്നാല്‍ ഡൈനാമിക്സും ഉണ്ട്. എനിക്ക് അതാണ് ഇഷ്ടം. ഇവിടെ ആകുമ്പോള്‍ രണ്ടിനും ഇടയ്ക്ക് നില്‍ക്കേണ്ടി വരും എനിക്കത് വയ്യ. വിനായകന്‍ എന്ന വ്യക്തിക്ക് ഒരു സ്വകാര്യത വേണം.

ഞാന്‍ എന്റെ കരിയര്‍ തുടങ്ങുന്നത് ഒരു സ്റ്റേജ് ഡാന്‍സ് പെര്‍ഫോമര്‍ ആയിട്ട് ആയിരുന്നു. അവിടുന്നാണ് തമ്പി കണ്ണന്താനം സര്‍ എന്നെ മാന്ത്രികം എന്ന സിനിമയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തെ ഞാന്‍ ഒരിക്കലും മറക്കില്ല. ഞാന്‍ ഒരു ഫ്രീ സ്‌റ്റൈല്‍ ഡാന്‍സര്‍ ആയിരുന്നു. പക്ഷേ ഫയര്‍ ഡാന്‍സാണ് എപ്പോഴും ചെയ്തുകൊണ്ടിരുന്നത്. തമ്പി സര്‍ ആണ് എന്റെ ഗോഡ്ഫാദര്‍. ഞാന്‍ ഒരു പെര്‍ഫോര്‍മര്‍ ആണ്. എനിക്ക് മുമ്പില്‍ ആളില്ലെങ്കിലും ഡാന്‍സ് ചെയ്യാം. മുമ്പില്‍ ആളുകള്‍ ഉണ്ടെങ്കില്‍ അവരുടെ ഐ കോണ്‍ടാക്ട് വരുന്നത് എനിക്ക് ഭയങ്കര പ്രശ്‌നമാണ്. ഫങ്ക്ഷനിലൊക്കെ ഡാന്‍സ് ചെയ്യുമ്പോള്‍ ആള്‍ക്കാരുടെ ഐ കോണ്ടാക്ട് വരും എനിക്കത് നേരിടാന്‍ അറിയില്ല. ഞാന്‍ ഇന്നും എന്നെ ഒരു സെലിബ്രിറ്റി ആയിട്ട് കണ്ടിട്ടില്ല അതാണ് വാസ്തവം.

Read more

ശരിക്കും എനിക്ക് ആള്‍ക്കൂട്ടത്തെ കാണുന്നത് ഇഷ്ടമല്ല. അതാണ് ഞാന്‍ പൊതുവേദികളിലും ആള്‍ക്കാരുടെ ഇടയിലേക്കും വരാത്തത്. ആളുകളുടെ ഇടയില്‍ എത്തുമ്പോള്‍ എനിക്ക് എന്നെത്തന്നെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. അത് ശരിക്കും എന്റെ പ്രശ്‌നമാണ്. പുറത്തിറങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും, അതാണ് അതിന്റെ യഥാര്‍ത്ഥ സത്യം അല്ലാതെ ഞാന്‍ നാട്ടുകാരെ വിട്ടിട്ട് ഓടുന്നതല്ല. എനിക്ക് എന്നെത്തന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ അറിയില്ല. എന്റെ ഒരു കഴിവുകേടാണത്. അതിനെ അങ്ങനെ കണ്ടാല്‍ മതി. അല്ലാതെ ആരോടും ദേഷ്യമില്ല.