'പരിപാവനമായ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു ഒരു നേതാവിന് കിട്ടിയ ഭവിഷ്യത്ത് നമ്മള്‍ കണ്ടതാണ്'; നടന്‍ സന്തോഷ്

ശബരിമല പ്രശ്‌നത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവര്‍ക്ക് തിരിച്ചടി കിട്ടിയെന്ന് സംഘപരിവാര്‍ സഹയാത്രികനും നടനുമായ സന്തോഷ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേര് എടുത്ത പറയാതെയായിരുന്നു ഒളിയമ്പ്.

ഹിന്ദുവിനെ ഉദ്ധരിക്കാമെന്ന് പറഞ്ഞ് ഒരുപാട് നേതാക്കള്‍ അവിടെയെത്തി. പരിപാവനമായ പുണ്യമായി കൊണ്ടുനടക്കേണ്ട ഇരുമുടിക്കെട്ട് ഒരു നേതാവ് വലിച്ചെറിഞ്ഞു. അതിന് ഭഗവാന്‍ കൊടുത്ത ശിക്ഷ എന്താണെന്ന് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ ഹിന്ദു ധര്‍മ്മ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പരോക്ഷ വിമര്‍ശനം. ‘ആവശ്യത്തിലധികം ഹിന്ദു സംഘടനകള്‍ നമുക്കുണ്ട്. എന്നിട്ട് എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ക്ക് ഇപ്പോഴുള്ള അവസ്ഥ വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന് മറ്റൊരാളുടെ മുഖത്ത് ചെളിവാരിയെറിയേണ്ട കാര്യമില്ല. സ്വയം കണ്ണാടിയെടുത്ത് നോക്കിയാല്‍ മതി. തെറ്റ് നമ്മുടേത് തന്നെയാണ്. നമുക്ക് നേതാക്കളെയല്ല ലീഡറെ ആണ് ആവശ്യം.

ഹിന്ദുവെന്ന് പറയുന്നവന്‍ ചിന്തിക്കുന്നവനാണ്. അല്ലാതെ മുകളിലൊരാള്‍ മൊഴിഞ്ഞുകൊടുക്കുന്നത് കേട്ട്, മഹാരാജാവിന്റെ മുന്നില്‍ നിന്ന് ഏറാന്‍ മൂളുന്നതുപോലെ കേട്ടോണ്ടുപോകുന്നവനല്ല. അതുകൊണ്ടുതന്നെയാണ് ഹിന്ദുവിന് അധ:പതനം സംഭവിക്കുന്നത്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ മുതലെടുക്കാന്‍ ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികളെത്തി. ഹിന്ദുവിനെ ഉദ്ധരിക്കാമെന്ന് പറഞ്ഞ് ഒരുപാട് നേതാക്കന്‍മാരെത്തി. എന്നിട്ടെന്തായി ഭഗവാന്‍ തന്നെ ഓരോത്തര്‍ക്കും കൊടുക്കേണ്ടത് കൊടുത്തു. പരിപാവനമായ പുണ്യമായി കൊണ്ടുനടക്കേണ്ട ഇരുമുടിക്കെട്ട് എടുത്ത് വലിച്ചെറിഞ്ഞു ഒരു നേതാവ്. അതിനെല്ലാം ഓരോത്തരും എന്തെല്ലാം അനുഭവിക്കുന്നുവെന്ന് നമ്മള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.