നിങ്ങളുടെ ചതി കാരണം എന്റെ ഭാവി പോലും നശിച്ചു, ആത്മഹത്യയിലേക്ക് തള്ളിവിടരുത്..; വെളിപ്പെടുത്തലുമായി അഭിരാമി സുരേഷ്

അമൃത സുരേഷിനെ കാണാന്‍ പാടില്ലാത്ത ഒരു സാഹചര്യത്തില്‍ കണ്ടത് കൊണ്ടാണ് താന്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയത് എന്ന നടന്‍ ബാലയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. 2019ലാണ് നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയത്.

മകള്‍ അവന്തികയുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ കാണാന്‍ തനിക്ക് അവസരം തരുന്നില്ലെന്ന് പരാതി ഉന്നയിച്ചുകൊണ്ട് പലപ്പോഴും ബാല അമൃതയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. അമൃതയ്‌ക്കെതിരെ നടത്തിയ പുതിയ പ്രതികരണത്തില്‍ ബാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്.

‘ബാലയുടെ ലക്ഷ്യം അമൃതയെ നാണം കെടുത്തുക’ എന്നതു മാത്രമാണെന്ന് ബാലയെ വിമര്‍ശിച്ചുകൊണ്ട് യൂട്യൂബറായ അരിയണ്ണന്‍ പങ്കുവച്ച വീഡിയോയും അഭിരാമി ഷെയര്‍ ചെയ്തിട്ടുണ്ട്. ആ വീഡിയോയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഭിരാമിയുടെ കുറിപ്പ്.

അഭിരാമിയുടെ കുറിപ്പ്:

നിങ്ങള്‍ ആരാണെന്നോ നേരിട്ടോ എനിക്കറിയില്ല, എന്നാല്‍ ദീര്‍ഘകാലമായി തുടരുന്ന ഏകപക്ഷീയമായ പീഡനത്തിനെതിരെ നിങ്ങള്‍ വിവേകപൂര്‍ണ്ണമായൊരു പോയിന്റാണ് ഉയര്‍ത്തിയത്. വാര്‍ത്തകളും നെഗറ്റിവിറ്റികളും പരക്കാതിരിക്കാനും കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാനും ഞങ്ങള്‍ മിണ്ടാതിരുന്നു. ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ട്, അവളെ വാര്‍ത്തകളിലേക്കും മാധ്യമങ്ങളിലേക്കും നെഗറ്റീവായി വലിച്ചിഴക്കപ്പെടാതിരിക്കാന്‍ വേണ്ടി.

സാമ്പത്തികമായി ഞങ്ങളേക്കാള്‍ മുകളിലാണ് എതിര്‍വശം, ജീവിക്കാനുള്ള ഞങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടാന്‍ പോലും ഞങ്ങള്‍ വളരെ ദുര്‍ബലരായിരിക്കുന്നു. രാവും പകലും പാട്ടുപാടിയും അക്ഷീണം പ്രയത്‌നിച്ചും ഞങ്ങളുടെ ഭാവി സുരക്ഷിതമാകാന്‍, നിങ്ങളെയെല്ലാവരെയും പോലെ നല്ലൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ ഇപ്പോഴും പാടുപെടുകയാണ്. ഞങ്ങള്‍ക്ക് പ്രായമായ ഒരു അമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട്. എന്തിന്, ഈ ചതികള്‍ കാരണം എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നു.

സ്‌നേഹവും ബഹുമാനവും നേടാനായി ആരെയെങ്കിലും കബളിപ്പിക്കാനോ കള്ളത്തരം കാണിക്കാനോ ഞങ്ങള്‍ വന്നിട്ടില്ല, ഞങ്ങള്‍ക്കറിയാവുന്നത് ഞങ്ങള്‍ ചെയ്യുന്നു, ഞങ്ങളുടെ അച്ഛനും അമ്മയും ഞങ്ങള്‍ക്ക് നല്‍കിയ സംഗീതം. കഠിനാധ്വാനത്തിലൂടെ ഞാന്‍ എന്റെ പാഷനെ പിന്തുടരുന്നു, പഠനവും വരുമാനമാര്‍ഗ്ഗവും നോക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ അവ്യക്തമായ സൈബര്‍ അപകീര്‍ത്തികളില്‍ വിശ്വസിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗം ആളുകളെങ്കിലും ഉണ്ടെന്നത് ഭയാനകമാണ്.

ഉറച്ച ബോധ്യമില്ലാതെ ഒരാളെ വേട്ടയാടിയും പരോക്ഷമായി വധിച്ചും വ്യക്തിഹത്യ നടത്തിയും ആളുകളെ കബളിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു സ്ത്രീയും അവളുടെ കുടുംബവും കഠിനാധ്വാനം ചെയ്യുകയും അവരുടെ കാലില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ അഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്തത് മൃഗീയമാണ്. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോയെ തൃപ്തിപ്പെടുത്താനായി മറ്റുള്ളവരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരരുത്.