ആഷിഖ് അബുവിന്റെ നീലവെളിച്ചം വരുന്നു; ചിത്രീകരണം ഏപ്രിലില്‍

ആഷിഖ് അബു ഒരുക്കുന്ന ചിത്രം ‘നീലവെളിച്ചം’ ഏപ്രിലില്‍ ആരംഭിക്കും. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം എന്ന സിനിമയുടെ പുനാരാവിഷ്‌കാരമാണ് നീലവെളിച്ചം. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രഖ്യാപിച്ചിരുന്ന സിനിമയില്‍ പകരമായാണ് ടൊവിനോ തോമസും റോഷന്‍ മാത്യുവും എത്തുന്നത്. നേരത്തെ ഏറ്റെടുത്തിരുന്ന സിനിമകളുടെ തിരക്കിനെ തുടര്‍ന്നാണ് ഇരുവരും സിനിമയില്‍ നിന്നും പിന്‍മാറിയത്. പിന്നീട് കുഞ്ചാക്കോ ബോബന് പകരമായെത്തിയ ആസിഫ് അലിയും ഡേറ്റ് ക്ലാഷിനെതുടര്‍ന്ന് പിന്മാറിയിരുന്നു.

ഒപിഎം സിനിമാസിന് വേണ്ടി ആഷിഖ് അബുവും റിമാ കല്ലിങ്കലും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിപാലും റെക്സ് വിജയനും സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ കഥയും തിരക്കഥയും നിര്‍വഹിച്ച ‘ഭാര്‍ഗവീനിലയം’ മലയാളത്തിലെ എക്കാലത്തെയും എവര്‍ഗ്രീന്‍ ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ്. എ. വിന്‍സന്റ് സംവിധാനം ചെയ്ത സിനിമയില്‍ മധു, പ്രേം നാസിര്‍, വിജയ നിര്‍മല എന്നിവരായിരുന്നു അഭിനയിച്ചത്.

Read more