'ആ കഥാപാത്രത്തോട് കവിയൂര്‍ പൊന്നമ്മ എങ്ങനെ പ്രതികരിക്കുമെന്ന് സംശയം ഉണ്ടായിരുന്നു, എന്നാല്‍'; ആഷിഖ് അബു പറയുന്നു

കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തിയ “ആണും പെണ്ണും” ആന്തോളജി ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ച വേഷം ശ്രദ്ധ നേടുകയാണ്. ഇതുവരെ ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്തമായ വേഷമാണ് കവിയൂര്‍ പൊന്നമ്മ ചിത്രത്തില്‍ അവതരിപ്പിച്ചത്. ആഷിഖ് അബു ഒരുക്കിയ റാണി എന്ന ചിത്രത്തിലാണ് കവിയൂര്‍ പൊന്നമ്മ നെഗറ്റീവ് ഛായയുള്ള കഥാപാത്രമായി എത്തിയത്.

നെടുമുടി വേണുവും കവിയൂര്‍ പൊന്നമ്മയും വരുന്ന ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ കഥാപാത്രത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മയെ കൂടുതല്‍ കണ്‍വിന്‍സ് ചെയ്യപ്പിക്കേണ്ടി വന്നില്ല. പെട്ടെന്ന് തന്നെ സമ്മതിച്ചെന്നും ആഷിഖ് അബു ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇത്തരമൊരു കഥാപാത്രം ചെയ്യുന്നതില്‍ അവര്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ഒട്ടും കണ്‍വിന്‍സ് ചെയ്യിപ്പിക്കേണ്ടി വന്നില്ല. തനിക്ക് അധികം അറിയാത്ത ആളാണ് പൊന്നമ്മചേച്ചി. പണ്ട് ഒരു പരസ്യം ചെയ്ത പരിചയമേയുള്ളു. സിനിമയുടെ ടെക്സ്റ്റ് കുറച്ച് എക്സിപ്ലിസിറ്റ് ആയിരുന്നു.

അതുകൊണ്ടു തന്നെ അവര്‍ എങ്ങനെ അതിനോട് പ്രതികരിക്കുമെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ അവര്‍ വളരെ ഗംഭീരമായി അത് ചെയ്തു. അവരുടെ ഭാഗം ഷൂട്ട് ചെയ്യാന്‍ വളരെ ഈസിയായിരുന്നു. നല്ല രസവുമായിരുന്നു എന്നാണ് ആഷിഖ് അബു പറയുന്നത്.