ജ്വാലയെ ഗര്‍ഭകാലത്ത് പരിചരിച്ചു, ആമിറിന്റെ വീട്ടില്‍ പത്ത് മാസം താമസിച്ചു, മകള്‍ക്ക് പേരിട്ടതും താരം തന്നെ; സൗഹൃദത്തെ കുറിച്ച് വിഷ്ണു വിശാല്‍

തനിക്കും ഭാര്യ ജ്വാല ഗുട്ടക്കും ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തില്‍ തുണയായത് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ ആണെന്ന് നടന്‍ വിഷ്ണു വിശാല്‍. തന്റെ മകള്‍ മിറയ്ക്ക് ആമിര്‍ പേരിടാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമാണ് വിഷ്ണു തുറന്നു സംസാരിച്ചത്. 2023ല്‍ ആമിറിന്റെ അമ്മ സീനത്ത് ഹുസൈനിന്റെ ചികിത്സയ്ക്കായി ചെന്നെയില്‍ എത്തിയപ്പോഴാണ് ഇരുവരും സൗഹൃദത്തില്‍ ആയത്.

അന്ന് ആമിറിനും കുടുംബത്തിനും ചെന്നെയില്‍ താമസിക്കാനുള്ള വില്ല ശരിയാക്കി കൊടുത്തത് വിഷ്ണുവാണ്. അങ്ങനെയാണ് വിഷ്ണുവും ആമിറും സുഹൃത്തുക്കളായത്. കുട്ടികള്‍ ഇല്ലാത്തതിന്റെ വിഷമത്തില്‍ ഇരുന്ന വിഷ്ണുവിനും ജ്വാലയ്ക്കും രക്ഷകനായി ആമിര്‍ എത്തുകയും ചെയ്തു. മുംബൈയിലുള്ള ഒരു ഫേര്‍ട്ടിലിറ്റി സ്‌പെഷലിസ്റ്റിനെ നിര്‍ദേശിച്ചത് ആമിര്‍ ആണ്.

”ജ്വാലയുടെ ഐവിഎഫ് ചികിത്സക്കായി മുംബൈയില്‍ ഒരു നല്ല ഡോക്ടറെ കണ്ടെത്താന്‍ അദ്ദേഹം ഞങ്ങളെ സഹായിച്ചു. അവള്‍ ഗര്‍ഭിണിയായപ്പോള്‍ ഞങ്ങള്‍ വികാരാധീനരായി, കാരണം അവള്‍ ഏതാണ്ട് പ്രതീക്ഷ ഉപേക്ഷിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവന്നു.”

View this post on Instagram

A post shared by Jwala Gutta (@jwalagutta1)

”ചികിത്സയുമായി ബന്ധപ്പെട്ട് ജ്വാല ഗര്‍ഭകാലത്ത് പത്ത് മാസത്തോളം ആമിര്‍ ഖാന്റെ മുംബൈയിലെ വീട്ടിലാണ് താമസിച്ചത്. ഏകദേശം പത്ത് മാസത്തോളം ജ്വാല മുംബൈയില്‍ ആമിറിന്റെ കുടുംബത്തോടൊപ്പമായിരുന്നു, അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും അവളെ പരിചരിച്ചു. അവര്‍ അവളെ വളരെ നന്നായി നോക്കി. അദ്ദേഹം ഞങ്ങളെ സ്വന്തം കുടുംബത്തെപ്പോലെയാണ് കണ്ടത്.”

Read more

”ജ്വാല ഗര്‍ഭിണിയായപ്പോള്‍ തന്നെ ഞാന്‍ ആമിറിനോട് പറഞ്ഞിരുന്നു, ഞങ്ങളുടെ കുഞ്ഞിന് പേരിടേണ്ടത് നിങ്ങളായിരിക്കണം, കാരണം ഞങ്ങള്‍ക്ക് പ്രത്യാശ നല്‍കിയത് നിങ്ങളാണ് എന്ന്” എന്നാണ് വിഷ്ണു പറയുന്നത്. ആമിര്‍ ഖാനാണ് വിഷ്ണുവിന്റെ മകള്‍ക്ക് മിറ എന്ന് പേരിട്ടത്.