ദുല്‍ഖര്‍ സല്‍മാന്‍-സോനം കപൂര്‍ ചിത്രം 'സോയ ഫാക്ടര്‍' പരാജയമാകാന്‍ കാരണം സുശാന്തിന്റെ 'ചിച്ചോരെ': കാരണം വ്യക്തമാക്കി സംവിധായകന്‍

ദുല്‍ഖര്‍ സല്‍മാന്‍, സോനം കപൂര്‍ എന്നിവര്‍ വേഷമിട്ട “ദ സോയ ഫാക്ടര്‍” ചിത്രം പരാജയമാകാന്‍ കാരണം “ചിച്ചോരെ”, “ഡ്രീം ഗേള്‍” എന്നീ സിനിമകളെന്ന് സംവിധായകന്‍ അഭിഷേക് ശര്‍മ്മ. ഈ രണ്ട് ചിത്രങ്ങളും വിജയകരമായി പ്രദര്‍ശനം തുടര്‍ന്നതിനാലാണ് സോയ ഫാക്ടര്‍ പരാജയമായതെന്നാണ് അഭിഷേക് ശര്‍മ്മ പറയുന്നത്.

“”സോയ ഫാക്ടറിന് ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ല, കാരണം വളരെ നല്ല രണ്ട് സിനിമകള്‍ ഈ സിനിമയ്‌ക്കൊപ്പം തിയേറ്ററുകളില്‍ ഉണ്ടായിരുന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ ചിച്ചോരെയും ആയുഷ്മാന്‍ ഖുറാനയുടെ ഡ്രീം ഗേളും ഒരാഴ്ച മുമ്പ് റിലീസ് ചെയ്തിരുന്നു. ആ സാഹചര്യത്തില്‍ സോയ ഫാക്ടര്‍ കണ്ട് സമയം കാശ് കളയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു കാണില്ല”” എന്നാണ് സംവിധായകന്‍ നവ്ഭാരത് ടൈംസിനോട് പറഞ്ഞു.

സുശാന്ത് സിംഗ് രജ്പുത്തും ശ്രദ്ധ കപൂറും കേന്ദ്ര കഥാപാത്രങ്ങളായ ചിച്ചരെ 2019-ല്‍ സെപ്റ്റംബര്‍ 6-ന് ആണ് റിലീസ് ചെയ്തത്. ആയുഷ്മാന്റെ ഡ്രീം ഗേള്‍ സെപ്റ്റംബര്‍ 13-ന് ആണ് റിലീസ് ചെയ്തത്. ഇരു ചിത്രങ്ങളും ആഗോളതലത്തില്‍ 200 കോടി കളക്ഷന്‍ നേടിയിരുന്നു.

Read more

സെപ്റ്റംബര്‍ 20-ന് റിലീസായ സോയ ഫാക്ടര്‍ ഏഴ് കോടിയാണ് നേടിയത്. ചിത്രം റിലീസ് ചെയ്ത ആദ്യദിനം മുതല്‍ നന്നായി ഓടിയില്ല. ആദ്യദിനം നന്നായിരുന്നെങ്കില്‍ ആളുകളുണ്ടായേനെ. സോയ ഫാക്ടര്‍ മാത്രമാണ് അന്ന് റിലീസ് ചെയ്തിരുന്നതെങ്കില്‍ പ്രേക്ഷകര്‍ ആസ്വദിച്ചേനെ എന്നും അഭിഷേക് ശര്‍മ്മ പറഞ്ഞു.