ഏത് ലോറന്‍സ് ബിഷ്ണോയി സംഘമായാലും അവസാനിപ്പിക്കും..; സല്‍മാനെ ചേര്‍ത്തുനിര്‍ത്തി ഏകനാഥ് ഷിന്‍ഡെ

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ സന്ദര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവയ്പ്പ് ഉണ്ടായ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഏകനാഥ് ഷിന്‍ഡെ സല്‍മാന്റെ വസതിയില്‍ എത്തിയത്.

നടനെ സന്ദര്‍ശിച്ച ഷിന്‍ഡെ അദ്ദേഹത്തിന് സുരക്ഷയും സംരക്ഷണവും ഉറപ്പ് നല്‍കി. ”മുംബൈയില്‍ ഒരു ഗ്യാംങ് വാറും നടക്കില്ല. അധോലോകത്തിന് മുംബൈയില്‍ ഒരു ഇടവും നല്‍കില്ല. ഇത് മഹാരാഷ്ട്രയാണ്, ഇത് മുംബൈയാണ്.”

”ഇത്തരമൊരു കാര്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാതിരിക്കാന്‍ അത് ഏത് ലോറന്‍സ് ബിഷ്ണോയി സംഘമായാലും അവരെ അവസാനിപ്പിക്കും” എന്ന് ഏകനാഥ് ഷിന്‍ഡെ മാധ്യമങ്ങളോട് പ്രതികരിച്ചു. സല്‍മാന്റെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ശക്തമാക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

”സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പിന്നില്‍ നില്‍ക്കുമെന്നും താരത്തിന്റെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഞാന്‍ സല്‍മാന്‍ ഖാന് ഉറപ്പുനല്‍കിയിട്ടുണ്ട്. മുംബൈയില്‍ ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ ആരും ധൈര്യപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തും” എന്നും ഷിന്‍ഡെ പറഞ്ഞു.

ഞായറാഴ്ചയാണ് സല്‍മാന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. ആക്രമണം നടത്തി ഒളിവില്‍ പോയ വിക്കി ഗുപ്ത (24), സാഗര്‍ പാല്‍ (21) എന്നിവരെ തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ കച്ച് ജില്ലയില്‍ നിന്നും പിടികൂടിയിരുന്നു. ഇവരില്‍ ഒരാള്‍ ബൈക്ക് ഓടിച്ചുകൊണ്ട് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു അതില്‍ ഒന്ന് ഖാന്റെ വസതിയുടെ മതിലിലും മറ്റൊന്ന് ഗാലറിയിലും പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.