അന്ന് ഞാന്‍ മരിച്ചു.. ഒരു കുഴി കുഴിച്ച് ചാടിയാലോ എന്ന് പോലും തോന്നി, അച്ഛനോടൊപ്പം പുറത്തു പോകാന്‍ പേടിയായിരുന്നു: കരണ്‍ ജോഹര്‍

‘കുച്ച് കുച്ച് ഹോതാ ഹേ’ എന്ന സിനിമ ഒരുക്കിയാണ് 1998ല്‍ കരണ്‍ ജോഹര്‍ സംവിധായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ യഷ് ജോഹറുടെ മകനാണ് കരണ്‍. സംവിധായകന്‍ മണിരത്‌നത്തിന് മുന്നില്‍ തന്നെ കുറിച്ച് പിതാവ് പൊക്കി പറഞ്ഞതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് കരണ്‍ ജോഹര്‍.

”ഭൂമിയിലെ ഏറ്റവും സുന്ദരനായ വ്യക്തി, മികച്ച സംവിധായകന്‍ എന്ന നിലയിലാണ് എന്റെ അച്ഛന്‍ എന്നെ കാണുന്നത്. അദ്ദേഹത്തോടൊപ്പം പുറത്തു പോകാന്‍ എനിക്ക് ഭയമായിരുന്നു. കാരണം അച്ഛന്‍ എന്റെ പേരില്‍ പൊങ്ങച്ചം കാണിക്കും. ‘കുച്ച് കുച്ച് ഹോതാ ഹേ’ ഷൂട്ട് ചെയ്യുന്ന അതേ ലൊക്കേഷനില്‍ വച്ചാണ് മണി സാറിനെ കണ്ടത്..”

”അന്ന് ഞാന്‍ മരിച്ചു. മണി സാര്‍ ‘ദില്‍ സേ’ എന്ന ചിത്രത്തിനായി, ‘ഛയ്യ ഛയ്യ’ എന്ന ഗാനം ചിത്രീകരിക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാനും അത് പോയി കാണാന്‍ ആഗ്രഹിച്ചു. അവിടെ വച്ച് അച്ഛന്‍ എന്നെ പറ്റി മണി സാറിനൊട് പറഞ്ഞുകൊണ്ടേയിരുന്നു, ഞാന്‍ അച്ഛന്റെ കൈയ്യില്‍ ഒന്ന് നുള്ളി.”

”ഒരു കുഴി കുഴിച്ച് അതില്‍ ചാടിയാലോ എന്ന് പോലും ഞാന്‍ ആലോചിച്ചു പോയി. കാരണം സിനിമാ മേഖലയിലെ എല്ലവര്‍ക്കും മണി സാര്‍ ദൈവതുല്യനാണ്. ഞാന്‍ വീട്ടിലെത്തി അച്ഛനോട് ചോദിച്ചു, എന്റെ ചിത്രം ഇറങ്ങിയിട്ടു പോലും ഇല്ല പിന്നെന്തിനാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് എന്ന്.”

”ഇത് നിന്റെ ആവശ്യമാണ് നീ അതിനെ ഊതി പെരുപ്പിച്ചില്ലെങ്കില്‍ പിന്നെ ആരാണ് ചെയ്യുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി” എന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. ഫിലിം കമ്പാനിയന്റെ ഡയറക്ടേഴ്‌സ് അഡ്ഡ എന്ന പരിപാടിയിലാണ് കരണ്‍ സംസാരിച്ചത്. അതേസമയം, ഷാരൂഖ് ഖാന്‍, കജോള്‍, റാണി മുഖര്‍ജി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കുച്ച് കുച്ച് ഹോതാ ഹേ ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു.