ഹോട്ടലില്‍ നിന്നും കുഞ്ഞിനെ എടുക്കാന്‍ മറന്നു, വെയിറ്റര്‍ ആണ് ഓടി വന്ന് പറഞ്ഞത്, അമ്മ എന്ന നിലയില്‍ പരാജയം: തുറന്നു പറഞ്ഞ് താരപത്‌നി

കുഞ്ഞിനെ റെസ്റ്റോറന്റില്‍ മറന്നു വെച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായികയും എഴുത്തുകാരിയുമായ താഹിറ കശ്യപ്. നടന്‍ ആയുഷ് ഖുറാനയുടെ ഭാര്യയാണ് താഹിറ. ആദ്യമായി അമ്മ ആയതിനു ശേഷം സംഭവിച്ച ഒരു അബദ്ധത്തെ കുറിച്ച് താഹിറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

2012ല്‍ ആണ് താഹിറയുടെയും ആയുഷ്മാന്റെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തുന്നത്. വിരാജ് വീര്‍ എന്നാണ് കുഞ്ഞിന്റെ പേര്. ഒരു അമ്മ എന്ന നിലയില്‍ ആദ്യമെല്ലാം താനൊരു പരാജയമായിരുന്നു എന്നാല്‍ പിന്നീട് അവയെല്ലാം താന്‍ തിരുത്തി എന്നും താഹിറ പറയുന്നു.

ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു മടങ്ങുമ്പോള്‍ താന്‍ കുഞ്ഞിനെ എടുക്കാന്‍ മറന്നു. ബാഗും ബില്ലും ഒന്നും മറന്നില്ല, പക്ഷെ കുഞ്ഞിനെ മറന്നു. ഹോട്ടലില്‍ നിന്നും ഇറങ്ങിയപ്പോള്‍ വെയിറ്റര്‍ ആണ് ഓടി വന്നു പറഞ്ഞത്, നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെ എടുക്കാന്‍ മറന്നു മാഡം എന്ന്.

അത് കേട്ട് അവിടെ ഉണ്ടായിരുന്ന ആളുകള്‍ എല്ലാം തന്നെ തുറിച്ചു നോക്കി. താന്‍ ലജ്ജിച്ചു തലതാഴ്ത്തി. ഇവര്‍ എന്ത് സ്ത്രീ എന്ന് തോന്നിക്കാണും അവര്‍ക്ക് എന്നാണ് താഹിറ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പൊതു അവധി ദിവസങ്ങളില്‍ പോലുംകുട്ടികളെ സ്‌കൂളില്‍ വിടാന്‍ ഒരുക്കിയിട്ടുണ്ട് എന്നും താഹിറ പറഞ്ഞു.

2011ല്‍ ആണ് താഹിറ കശ്യപും ആയുഷ്മാന്‍ ഖുറാനയും വിവാഹിതരായത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിരാജ്, വരുഷ്‌ക എന്നീ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. ടോഫി, പിന്നി, ശര്‍മ്മാ ജി കി ബേട്ടി എന്ന ചിത്രങ്ങളാണ് താഹിറ സംവിധാനം ചെയ്തത്.