'ഡസ്‌കി' എന്നാണ് അന്ന് എന്നെ വിളിച്ചിരുന്നത്, സിനിമയ്ക്കായി 'പാല്‍ പോലെ' വെളുപ്പിച്ചു.. നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടു: പ്രിയങ്ക ചോപ്ര

ബോളിവുഡിലെ പൊളിട്ടിക്‌സ് മടുത്തതു കൊണ്ടാണ് താന്‍ ആ ഇന്‍ഡസ്ട്രി ഉപേക്ഷിച്ചതെന്ന് പ്രിയങ്ക ചോപ്ര തുറന്നു പറഞ്ഞിട്ടുണ്ട്. താന്‍ ഇന്‍ഡസ്ട്രിയുടെ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു, പലരും തന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു എന്നായിരുന്നു പ്രിയങ്ക പറഞ്ഞിരുന്നത്.

ഇതിനോടൊപ്പം താന്‍ നിറത്തിന്റെ പേരിലും വിവേചനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രിയങ്ക. ഇരുണ്ട നിറമുള്ള പെണ്‍കുട്ടികള്‍ സിനിമയില്‍ ഓഡിഷന് ചെല്ലുമ്പോള്‍ വെളുത്തവരാണെങ്കില്‍ വേഗം അവസരം ലഭിക്കുമായിരുന്നു എന്ന് പലപ്പോഴും പലരും പറഞ്ഞ് താന്‍ കേട്ടിട്ടുണ്ട്.

താന്‍ സിനിമയില്‍ എത്തിയപ്പോള്‍ തന്നെ ഡസ്‌കി എന്നാണ് വിശേഷിപ്പിച്ചത്. എന്താണ് ഈ ഡസ്‌കി എന്നോര്‍ത്ത് ആശ്ചര്യപ്പെട്ടിരുന്നു. ഒരു നടിയാകുമ്പോള്‍ സൗന്ദര്യവര്‍ധക വസ്തുവിന്റെ പരസ്യം ചെയ്യുന്നത് കരിയറിന്റെ ഭാഗമായിരുന്നു. അന്നത്തെ കാലത്ത് വിറ്റു കൊണ്ടിരുന്നതില്‍ മിക്കതും ഫെയര്‍നെസ് ക്രീമുകളായിരുന്നു.

വെളുത്ത നിറമുണ്ടെങ്കില്‍ കഥാപാത്രം ഉറപ്പാണെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. പലപ്പോഴും കഥാപാത്രങ്ങള്‍ക്കായി തന്നെ വെളുപ്പിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളില്‍. ഒരു സിനിമയിലെ പാട്ടിന്റെ വരികളില്‍ ‘പാല്‍ നിറമുള്ള പെണ്ണ്’ എന്ന വിശേഷണമുണ്ടായിരുന്നു. അതിനായി തന്നെ ‘പാല്‍ പോലെ’ വെളുപ്പിച്ചിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്.

‘തമിഴന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ പ്രിയങ്ക ‘ദ ഹീറോ: ലവ് സ്‌റ്റോറി ഓഫ് എ സ്‌പൈ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തുന്നത്. ‘അന്ധാസ്’ എന്ന രണ്ടാമത്തെ ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് പ്രിയങ്ക ചിത്രത്തില്‍ തിളങ്ങിയത്.