നടി നോറ ഫത്തേഹിക്ക് അനുമതി നിഷേധിച്ച് ബംഗ്ലാദേശ്

ബോളിവുഡ് നടി നോറ ഫത്തേഹിക്ക് പരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ബംഗ്ലാദേശ്. വിദേശനാണ്യ വിനിമയ ശേഖരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത് എന്നാണ് സംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

വുമണ്‍ ലീഡര്‍ഷിപ്പ് കോപറേഷന്‍ എന്ന സംഘടന നവംബര്‍ 18ന് ധാക്കയില്‍ നടത്തുന്ന പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാനാണ് നോറയെ ക്ഷണിച്ചിരുന്നത്. വിദേശ വിനിമയ കരുതല്‍ ശേഖരം കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഡോളറില്‍ പ്രതിഫലം നല്‍കുന്നതിന് കേന്ദ്രബാങ്ക് നിയന്ത്രണമുണ്ട് എന്നാണ് മന്ത്രാലയം സംഘാടകരെ അറിയിച്ചത്.

മൊറോക്കന്‍-കനേഡിയന്‍ കുടുംബത്തില്‍ ജനിച്ച ഫത്തേഹി 2014ലാണ് ബോളിവുഡില്‍ അരങ്ങേറിയത്. ഐറ്റം ഡാന്‍സുകളിലൂടെയാണ് നോറ ശ്രദ്ധ നേടിയത്. മലയാളത്തില്‍ ‘ഡബിള്‍ ബാരല്‍’, ‘കായംകുളം കൊച്ചുണ്ണി’ എന്നീ മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അജയ് ദേവ്ഗണും സിദ്ധാര്‍ഥ് മല്‍ഹോത്രയും ഒന്നിച്ചെത്തുന്ന ‘താങ്ക് ഗോഡ്’ ആണ് നോറയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ സിദ്ധാര്‍ഥിനൊപ്പമുള്ള നോറയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.