'ഞാന്‍ സമ്പാദിച്ചതെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ കാരണമാണ്'; ഒരു കോടി രൂപ സഹായധനം നല്‍കി കാര്‍ത്തിക് ആര്യന്‍

ലോകം മുഴുവന്‍ കോവിഡ് 19 മഹാമാരിയായി പടരുകയാണ്. രാജ്യത്ത് 1071 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സഹായധനം നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍. ഇന്ന് താന്‍ സമ്പാദിച്ചിരിക്കുന്നതെല്ലാം ഇന്ത്യിലെ ജനങ്ങള്‍ കാരണമാണെന്നും കാര്‍ത്തിക് ആര്യന്‍ ട്വീറ്റ് ചെയ്തു.

“”ഒരു രാജ്യമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കുക എന്നത് ഈ സമയത്ത് പരമമായ ആവശ്യമാണ്. ഞാന്‍ ഇന്ന് എന്തെക്കെ ആയാലും, എത്ര സമ്പാദിച്ചിട്ടുണ്ടെങ്കിലും, അത് ഇന്ത്യയിലെ ജനങ്ങള്‍ കാരണമാണ്; ആയതിനാല്‍ ഒരു കോടി ഞാന്‍ പിഎം-കെയര്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു. എല്ലാ ഇന്ത്യക്കാരോടും കഴിയുന്നത്ര സഹായിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”” എന്നാണ് കാര്‍ത്തിക് ആര്യന്റെ ട്വീറ്റ്.

അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍, കരണ്‍ ജോഹര്‍, അനുഷ്‌ക്ക ശര്‍മ്മ, ആയുഷ്മാന്‍ ഖുറാന, ഡിസൈനര്‍ സഭ്യസാചി മുഖര്‍ജി എന്നിവരും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മോളിവുഡ്, കോളിവുഡ്, ടോളിവുഡ് താരങ്ങളും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.