കരിഷ്മയുടെ മകളുടെ കോളേജ് ഫീസ് മുടങ്ങി; സ്വത്ത് തര്‍ക്കം കോടതിയില്‍, നാടകീയത ഒഴിവാക്കണമെന്ന് കോടതി

ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിന് പിന്നാലെ സ്വത്തിന് വേണ്ടിയുള്ള അവകാശ തര്‍ക്കം മുറുകുന്നു. സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപ വിലമതിക്കുന്ന സ്വത്തില്‍ അവകാശം ആവശ്യപ്പെട്ട് കരിഷ്മ കപൂറിന്റെ മക്കളായ സമൈറയും കിയാനും ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു.

സഞ്ജയ് കപൂറിന്റെ രണ്ടാം ഭാര്യ പ്രിയ സച്ച്ദേവ് കപൂറിനെതിരെയാണ് അവര്‍ കേസ് നല്‍കിയത്. സ്വത്ത് തര്‍ക്കം രൂക്ഷമാകുന്നതിനിടെ കരിഷ്മയുടെ മക്കളുടെ കോളേജ് ഫീസ് മുടങ്ങിയെന്ന് കരിഷ്മയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സമൈറയുടെ കോളേജ് ഫീസ് രണ്ട് മാസമായി അടച്ചിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

കുട്ടികളുടെ പഠന ചിലവുകള്‍ സഞ്ജയ് കപൂര്‍ വഹിക്കണമെന്ന് വിവാഹമോചന കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. മക്കളുടെ സ്വത്തുക്കള്‍ കേസിലെ ഒന്നാം പ്രതിയായ പ്രിയ കപൂറിന്റെ കൈവശമാണ്. യുഎസില്‍ പഠിക്കുന്ന മകളുടെ ഫീസ് രണ്ട് മാസമായി നല്‍കിയിട്ടില്ലെന്ന് ഇവരുടെ അഡ്വക്കേറ്റ് മഹേഷ് ജഠ്മലാനി കോടതിയെ അറിയിച്ചു.

എന്നാല്‍ പ്രിയ സച്ച്‌ദേവിന് വേണ്ടി ഹാജരായ രാജീവ് നായര്‍ ഈ ആരോപണം നിഷേധിക്കുകയും, മക്കളുടെ എല്ലാ ചിലവുകളും പ്രിയ വഹിക്കുന്നുണ്ടെന്ന് വാദിച്ചു. കേസില്‍ അനാവശ്യമായ നാടകീയത ഒഴിവാക്കണമെന്ന് കോടതി കര്‍ശനമായി നിര്‍ദേശിച്ചു. നവംബര്‍ 19ന് കേസ് വീണ്ടും പരിഗണിക്കും.

Read more

അതേസമയം, 2003ല്‍ ആയിരുന്നു കരിഷ്മയും സഞ്ജയ്‌യും തമ്മിലുള്ള വിവഹം. 2016ല്‍ ആണ് ഇവര്‍ വിവാഹമോചിതരായത്. സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്നു സഞ്ജയ് കപൂര്‍. സഞ്ജയ്‌യുടെ കമ്പനിയുടെ മൂല്യം 40,000 കോടി രൂപയാണ്. ഇന്ത്യ, ചൈന, മെക്‌സിക്കോ, സെര്‍ബിയ, യുഎസ് എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ കമ്പനിക്ക് ഫാക്ടറികളുണ്ട്.