രാഷ്ട്രീയം പറയാന്‍ കോടികള്‍ മുടക്കി സിനിമ ചെയ്യണോ? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ പോരെ..: പൃഥ്വിരാജ്

രാഷ്ട്രീയം പറയാനല്ല താന്‍ ‘എമ്പുരാന്‍’ ചെയ്തതെന്ന് പൃഥ്വിരാജ്. എമ്പുരാന്‍ സിനിമ പുറത്തിറങ്ങി 8 മാസത്തിന് ശേഷമാണ് പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ഉണ്ടായ ആക്രമണങ്ങളോടാണ് താരം പ്രതികരിച്ചിരിക്കുന്നത്. രാഷ്ട്രീയം പറയാനാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടാല്‍ മതിയെന്നും കോടികള്‍ മുടക്കി സിനിമ ചെയ്യണ്ടെന്നും പൃഥ്വിരാജ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.

”ഞാന്‍ അതില്‍ അഫക്ടഡ് ആവണമെങ്കില്‍ ഞാന്‍ മനപൂര്‍വ്വം ഒരു പര്‍ട്ടിക്കുലര്‍ ഉദ്ദേശത്തോട് കൂടി സിനിമ ചെയ്തുവെന്ന് ഞാന്‍ ബോധവാനായിരിക്കണം. അതല്ലെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. ആ സിനിമയുടെ കഥ ഞാന്‍ കേട്ടു, എനിക്ക് കണ്‍വിന്‍സ്ഡ് ആയി തോന്നി. തിരക്കഥ നായക നടനെയും നിര്‍മ്മാതാവിനെയും പറഞ്ഞു കേള്‍പ്പിച്ചു. അങ്ങനെയാണ് ഞാന്‍ ആ സിനിമ ചെയ്തത്.”

”എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശമേ എനിക്കുള്ളു. അതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ എന്റെ പരാജയമാണ്. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ ഒരു സിനിമ ഞാന്‍ ചെയ്യില്ല. കോടികള്‍ മുടക്കി ഒരു സിനിമ ചെയ്യണ്ട ആവശ്യമില്ല ഇന്നത്തെ കാലത്ത് അതിന്.”

”സോഷ്യല്‍ മീഡിയയില്‍ ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടാല്‍ മതി. എന്റെ ഉള്ളില്‍ എനിക്ക് ആ ബോധ്യം ഉണ്ടെങ്കില്‍ എനിക്ക് സങ്കടപ്പെടേണ്ട കാര്യമോ, ഭയപ്പെടേണ്ട കാര്യമോ ഒന്നുമില്ല” എന്നാണ് പൃഥ്വിരാജിന്റെ വാക്കുകള്‍. അതേസമയം, എമ്പുരാന്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ സംഘപരിവാര്‍ അടക്കം രംഗത്തെത്തിയിരുന്നു. ബിജെപി ജില്ലാ കമ്മിറ്റിയംഗം സിനിമ തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കിയിരുന്നു.

Read more

സിനിമ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതോടെ റീ എഡിറ്റ് ചെയ്താണ് പ്രദര്‍ശനത്തിന് എത്തിച്ചത്. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടിമാറ്റിയാണ് റീഎഡിറ്റ് ചെയ്തത്.