കരണ്‍ ജോഹറിന്റെ പാര്‍ട്ടി വിനയായി; ഷാരൂഖും കത്രീനയും ഉള്‍പ്പെടെ അമ്പത് താരങ്ങള്‍ കോവിഡ് പോസിറ്റീവ്

ബോളിവുഡില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് പിടിമുറുക്കുകയാണ്. ഷാരൂഖ് ഖാനും കത്രീന കൈഫുമടക്കം അന്‍പതോളം താരങ്ങളെയാണ് കഴിഞ്ഞ ആഴ്ച കോവിഡ് പിടികൂടിയത്.

രണ്ട് ആഴ്ച മുമ്പ് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസില്‍ വച്ച് നടന്ന കരണ്‍ ജോഹറിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷമാണ് ഇതിന് കാരണമായതെന്നാണ് ് റിപ്പോര്‍ട്ട്.ഈ പാര്‍ട്ടിയില്‍ പങ്കെടുത്ത ഷാരൂഖ് ഖാന്‍, കത്രീന കെയ്ഫ്, വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇതുകൂടാതെ തന്നെ കരണിന്റെ അടുത്ത സുഹൃത്തുക്കളടക്കമുള്ള നിരവധിപേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നും അവരാരും പുറത്തു പറയാത്തതാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ദിവസേനയുള്ള പുതിയ കൊറോണ വൈറസ് കേസുകളില്‍ വന്‍ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മുംബൈ നഗരത്തോട് ജാഗ്രത പാലിക്കാന്‍ ബിഎംസി ആവശ്യപ്പെട്ടു. കോവിഡ് രൂക്ഷമായതോടെ മുംബൈയിലെ പോഷ് കെ-വെസ്റ്റ് വാര്‍ഡിലുള്ള ഫിലിം സ്റ്റുഡിയോകളോടു പാര്‍ട്ടികള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.