സിനിമാ ഷൂട്ടിംഗിന് ഇനി പാര്‍ലിമെന്റ് വേണം; സെക്രട്ടേറിയറ്റിന് കത്തുമായി കങ്കണ

തന്റെ പുതിയ ചിത്രം ഷൂട്ട് ചെയ്യാനായി പാര്‍ലിമെന്റ് മന്ദിരം വേണമെന്ന് ആവശ്യപ്പെട്ട് കങ്കണ റണാവത്. ‘എമര്‍ജന്‍സി’ എന്ന സിനിമയുടെ ചില ഭാഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് ചിത്രീകരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കങ്കണ ലോക്‌സഭാ സെക്രട്ടറിയറ്റിന് കത്ത് നല്‍കി.

കങ്കണ തന്നെ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തില്‍ ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ അഭിനയിക്കുന്നത്. അടിയന്തരാവസ്ഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ. ഇന്ദിരാഗാന്ധി ആയുള്ള താരത്തിന്റെ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ പാര്‍ലമെന്റിനകത്ത് വീഡിയോ ചിത്രീകരണത്തിന് സാധാരണ ഗതിയില്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അനുവാദമില്ല. അപൂര്‍വ്വ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് അനുവദിക്കാറുണ്ട്. സന്‍സദ് ടിവിക്കും ദൂരദര്‍ശനും മാത്രമാണ് പാര്‍ലിമെന്റില്‍ ചിത്രീകരണാനുമതിയുള്ളത്.

സ്വകാര്യവ്യക്തികള്‍ക്ക് അനുവാദം നല്‍കുന്ന കീഴ്വഴക്കമില്ലെന്നും കങ്കണയുടെ അപേക്ഷ പരിഗണിക്കുന്നതേയുള്ളൂ എന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, കഴിഞ്ഞ ജൂണിലാണ് എമര്‍ജന്‍സിയുടെ ഷൂട്ടിങ് ആരംഭിച്ചത്.

കങ്കണയുടെ കഥക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. ‘ആനന്ദം’ ഫെയിം വിശാഖ് നായര്‍ ആണ് സഞ്ജയ് ഗാന്ധി ആയി ചിത്രത്തില്‍ വേഷമിടുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ അടിയന്തരാവസ്ഥ കാലത്തെ കുറിച്ചാണ് സിനിമയില്‍ പറയുന്നത്.