ജാന്‍വി കപൂറിന്റെ ഷൂട്ടിംഗ് വീണ്ടും തടഞ്ഞ് കര്‍ഷകര്‍; ബോളിവുഡ് താരങ്ങള്‍ക്ക് എതിരല്ലെന്ന് പ്രസ്താവന

ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ “ഗുഡ് ലക്ക് ജെറി” സിനിമയുടെ ഷൂട്ടിംഗ് വീണ്ടും തടഞ്ഞ് കര്‍ഷകര്‍. പഞ്ചാബിലെ പട്യാലയില്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് കര്‍ഷകര്‍ സെറ്റിലേക്ക് എത്തിയത്. സെറ്റില്‍ മുദ്രാവാക്യം വിളിച്ച് ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും തുടര്‍ന്ന് താരങ്ങളും അണിയറപ്രര്‍ത്തകരും താമസിക്കുന്ന ഹോട്ടലിലും എത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പഞ്ചാബില്‍ ഷൂട്ടിംഗ് നടക്കുന്ന ഗുഡ് ലക്ക് ജെറിയുടെ സെറ്റില്‍ നേരത്തെയും കര്‍ഷകര്‍ എത്തി ചിത്രീകരണം തടഞ്ഞിരുന്നു. കര്‍ഷക സമരത്തെ അനുകൂലിച്ച് പ്രസ്താവന പുറത്തിറക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. പിന്നാലെ ജാന്‍വി കര്‍ഷകരെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയിരുന്നു.

അതേ ആവശ്യം തന്നെയാണ് ഇപ്പോഴും കര്‍ഷകര്‍ ഉന്നയിച്ചിരിക്കുന്നത്. “”കര്‍ഷകര്‍ ഒരു സിനിമാ താരത്തിനും എതിരല്ല. കര്‍ഷക പ്രക്ഷോഭം എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ബോളിവുഡ് അഭിനേതാക്കളും തങ്ങളുടെ ലക്ഷ്യത്തെ പിന്തുണച്ച് രംഗത്തെത്താന്‍ ആവശ്യപ്പെടുകയാണ്”” എന്നാണ് സമരരംഗത്തുള്ളവരുടെ ആവശ്യം.

സിദ്ധാര്‍ത്ഥ് സെന്‍ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുഡ് ലക്ക് ജെറി. “”കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. നമ്മുടെ രാജ്യത്തെ ഊട്ടൂന്ന അവരുടെ പങ്ക് ഞാന്‍ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന ഒരു നല്ല പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”” എന്നാണ് ജാന്‍വി നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.