വിമര്‍ശകര്‍ക്ക് മറുപടി, നിറവയറില്‍ ഇല്യാന ഡിക്രൂസ്; പോസ്റ്റ് ചര്‍ച്ചയാകുന്നു

വിമര്‍ശകര്‍ക്കും ട്രോളന്മാര്‍ക്കും മറുപടിയുമായി നടി ഇല്യാന ഡിക്രൂസ്. തന്റെ ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇല്യാന ഇപ്പോള്‍. താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വിവരം പങ്കുവച്ചപ്പോള്‍ ഇല്യാനയ്‌ക്കെതിരെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും എത്തിയിരുന്നു.

നിറവയര്‍ കാണിച്ചു കൊണ്ടുള്ള ചിത്രമാണ് ഇല്യാന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ബംപ് അലര്‍ട്ട് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആദ്യമായാണ് തന്റെ നിറവയറിലുള്ള ചിത്രം ഇല്യാന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. നടിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഏപ്രില്‍ 18ന് ആയിരുന്നു തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇല്യാന ആരാധകരെ അറിയിച്ചത്. അതിന് പിന്നാലെ കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തിരക്കിക്കൊണ്ട് നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ അവിവാഹിതയായ താരം ഇതുവരെ കുഞ്ഞിന്റെ അച്ഛനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആയ ആന്‍ഡ്രൂ നീബോണുമായി പ്രണയത്തിലായിരുന്നെങ്കിലും 2019ല്‍ വേര്‍പിരിഞ്ഞിരുന്നു. ഇതോടെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ചോദിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ എത്തുന്നത്. എന്നാല്‍ തന്റെ പങ്കാളിയെ കുറിച്ചോ മറ്റ് വിവരങ്ങളോ ഇല്യാന പങ്കുവച്ചിട്ടില്ല.

അതേസമയം, ഇല്യാനയും നടി കത്രീന കൈഫിന്റെ സഹോദരന്‍ സെബാസ്റ്റ്യനും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കത്രീനയുടെ ഏക സഹോദരനാണ് സെബാസ്റ്റ്യന്‍. ഫര്‍ണിച്ചര്‍ ഡിസൈനറായ സെബാസ്റ്റ്യന്‍ ലണ്ടനിലാണ് താമസം. എന്നാല്‍ അഭ്യൂഹങ്ങളോട് ഇല്യാന പ്രതികരിച്ചിരുന്നില്ല.